ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു.
2018 ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെ ജമ്മു കശ്മീരിലെ ഗവര്‍ണറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ അവസാനത്തെ ഗവര്‍ണറായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പദവി എടുത്തുകളയുകയും ചെയ്തത്. ആ തീരുമാനത്തിന്റെ ആറാം വാര്‍ഷിക ദിനമായിരുന്നു ഇന്ന്. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ പദവിക്ക് ശേഷം അദ്ദേഹം ഗോവയിലും പിന്നീട് മേഘാലയയിലും ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ഒക്ടോബറിലാണ് അദ്ദേഹം മേഘാലയ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് വിരമിച്ചത്.
1970-കളില്‍ ഒരു സോഷ്യലിസ്റ്റ് നേതാവായിട്ടാണ് സത്യപാല്‍ മാലികിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1974-ല്‍ ഭാരതീയ ക്രാന്തി ദള്‍ ടിക്കറ്റില്‍ ബാഗ്പത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് നിയമസഭാംഗമായി. പിന്നീട് ലോക്ദളിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ 1989 വരെ ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായിരുന്നു. ചരണ്‍ സിംഗിന്റെ ഭാരതീയ ക്രാന്തി ദള്‍, കോണ്‍ഗ്രസ്, വി.പി. സിംഗിന്റെ ജനതാദള്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷം 2004-ല്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു.