മുൻ ഇന്ത്യന്‍ ഫുട്ബോൾ താരം ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു

കൊച്ചി : മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ഒ ചന്ദ്രശേഖരന്‍ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹ‍ജമായ രോഗങ്ങളെ തുടർന്നു ചികിത്സയിലിരിക്കെ കാക്കനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. 1960 റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു.

കേരളത്തിന്‍റെ സന്തോഷ് ട്രോഫി ചരിത്രത്തിൽ പേരില്ലെങ്കിലും മഹാരാഷ്‌ട്ര ടീം നായകൻ എന്ന നിലയിൽ 1964ൽ സന്തോഷ് ട്രോഫി ഏറ്റുവാങ്ങിയ ചന്ദ്രശേഖരനാണ് ഈ നേട്ടം കൈവരിച്ച ആദ്യ മലയാളി. 1960 ലെ റോം ഒളിമ്പിക്സിൽ കളിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. 1962 ൽ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു. കാൽടെക്സ്, ബോംബെ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 1964 ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ച ഇന്ത്യൻ ടീമിലും അംഗമായിരുന്നു. മെർഡേക്ക ടൂർണമെന്‍റിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുടക്കാരനാണെങ്കിലും ദീർഘകാലമായി കൊച്ചിയിലായിരുന്നു താമസം. ഏറെ നാളായി മറവിരോഗം ബാധിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്നു.

Comments (0)
Add Comment