‘ഞാൻ കണ്ട മാണി സാർ’ – മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.പി ജോസഫ് എഴുതുന്നു

Jaihind News Bureau
Thursday, April 9, 2020

 

കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തിലും പൊതുജീവിതത്തിലും ഒരു മഹാമേരുവിനെപ്പോലെ നിറഞ്ഞുനിന്ന ഒരു മനുഷ്യനെപ്പറ്റി എഴുതുക; അതും, ഒരേസമയം ആ മനുഷ്യന്‍റെ ഉറ്റബന്ധുവും കീഴുദ്യോഗസ്ഥനും എന്ന നിലയിൽ നോക്കിക്കണ്ടുകൊണ്ട് എഴുതുക: അത്രയെളുപ്പമല്ലാത്ത കാര്യം. മാത്രമോ, ആ മനുഷ്യൻ പ്രതിപക്ഷത്തിരിക്കേ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ എതിരാളികളുടെ നയം കൃത്യമായി നടപ്പാക്കാൻ ശ്രമിച്ച ഒരു മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടി ആയിരിക്കുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ്.

കെ.എം മാണി എന്ന കേരളീയരുടെ ‘മാണി സാറി’ന്‍റെ വിയോഗത്തിന് ഇന്ന് ഒരു വയസാകുന്നു.

മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കൂടിയായ മരുമകൻ എന്നനിലയിൽ ഞാൻ അദ്ദേഹത്തെ അനുസ്മരിക്കുമ്പോൾ രണ്ടു സംഭവങ്ങളാണ് ഒരേസമയം എന്‍റെ മനസിലേക്ക് വരുന്നത്.

അദ്ദേഹത്തിന്‍റെ മകളെ ജീവിതസഖിയാക്കുമ്പോൾ ഞാൻ തൃശൂർ സബ് കളക്ടറാണ്, വളരെ ജൂനിയറായ ഒരു ഐ.എ.എസുകാരൻ. എറണാകുളം ജില്ലയിൽ വരാപ്പുഴയ്ക്കും പറവൂരിനുമിടയിലുള്ള വള്ളുവള്ളി സ്വദേശിയാണെങ്കിലും തൃശൂർ ജില്ലയിലുള്ള ഒല്ലൂരിലെ അമ്മവീട്ടിലാണ് ബാല്യകാലത്തിലേറെയും ചെലവഴിച്ചത്. ഒരു വിധവയുടെ ഏകമകളായിരുന്നു എന്‍റെ അമ്മ എന്നതായിരുന്നു അതിനു കാരണം.

പാലാക്കാരനായ മാണി സാറാകട്ടെ അന്ന് ധനകാര്യമന്ത്രി എന്നനിലയിൽ തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിന്‍റെ അയൽപക്കത്തെ ‘പ്രശാന്ത് ‘ എന്നഭവനത്തിലായിരുന്നു താമസം. ഞാൻ പാലായിൽ അന്നുവരെ പോയിട്ടില്ല. കല്യാണം കഴിഞ്ഞതിന്‍റെ രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ദിവസം രാത്രി അദ്ദേഹം എന്നെ തന്‍റെ അഞ്ചാം നമ്പർ കേരള സ്റ്റേറ്റ് കാറിൽ എറണാകുളത്തുനിന്ന് പാലായ്ക്ക് കൊണ്ടുപോയി. വെളുത്ത അംബാസഡർ കാർ രാത്രിയുടെ കറുപ്പിനെ കീറിമുറിച്ച് ഓടുകയാണ്. ഞങ്ങൾ പിൻസീറ്റിലിരുന്ന് വർത്തമാനം തുടങ്ങി.

എന്‍റെ മനസ്സിൽ കുറച്ചു ഭയമുണ്ട്. ഞങ്ങൾ വടക്കൻ ക്രിസ്ത്യാനികൾക്ക് പാലാ ക്രിസ്ത്യാനികൾ ‘ഭയങ്കര’ൻമാരാണ്, ഭൂമുഖത്തെ ഏറ്റവും കശ്മലർ. വിശ്വസിക്കാൻ കൊള്ളാത്തവർ. ചെറിയൊരു ദേഷ്യത്തിനുപോലും ആളെ തല്ലിക്കൊല്ലുന്നവർ. ഇതൊക്കെ കേട്ടു വളർന്നയാളാണു ഞാൻ. പക്ഷേ, ഈ പാലാക്കാരൻ അമ്മായിയപ്പന്‍റെ സംസാരം വളരെ സ്നേഹപൂർണമാണ്. തനിരാഷ്ട്രീയക്കാരനും ഭരണാധിപനുമായ ഭാര്യാപിതാവിന്‍റെ ഉപദേശങ്ങൾ എന്നുപറയാം. എന്‍റെ ചെല്ലപ്പേരു വിളിച്ചാണ് സംസാരം.

“ജോമോനേ, മോനൊരു സിവിൽ സർവീസ് ഉദ്യോഗസ്ഥനും ഞാനൊരു രാഷ്ട്രീയക്കാരനുമാണ്”, അദ്ദേഹം പറഞ്ഞുതുടങ്ങി. ”അതിനാൽ, മോനെക്കൊണ്ട് ഓരോന്നു ചെയ്തു തരുവിക്കണം എന്നു പറഞ്ഞ് പലരും എന്‍റെയടുത്തു വരും. ഞാൻ അവരുടെ മുന്നിൽവച്ച് മോനെ വിളിച്ച് സാധ്യമായത് ചെയ്തുകൊടുക്കാൻ പറയും. അതെന്റെ കടമയാണ്. പക്ഷേ, ഞാൻ എന്താവശ്യപ്പെട്ടാലും നിയമവും ചട്ടങ്ങളും അനുവദിക്കുന്നതു മാത്രമേ മോൻ ചെയ്യാവൂ. ഞാൻ ആവശ്യപ്പെട്ടു എന്നതുകൊണ്ടു നിയമവിരുദ്ധമായോ ചട്ടവിരുദ്ധമായോ യാതൊന്നു ചെയ്തുകൂടാ. നിയമപ്രകാരം പ്രവർത്തിക്കുകയാണ് ഐ.എ എസ് ഉദ്യോഗസ്ഥരുടെ കടമ. അതാണ് മോന്‍റെ ജോലി”.

ഒന്നു നിറുത്തിയിട്ട് അദ്ദേഹം തുടർന്നു. “എന്നാൽ, ഒരു കാര്യം ചെയ്യാവുന്നതാണെങ്കിലോ ആവശ്യക്കാരന് സഹായമാകുമെങ്കിലോ മോൻ അത് എന്തു പ്രയാസം സഹിച്ചും ചെയ്തുകൊടുക്കണം.”

ഈ ഉപദേശം ഞാൻ എന്‍റെ കരിയറിലുടനീളം പാലിച്ചുപോന്നു. അതിന് ചിലപ്പോൾ എനിക്ക് വലിയ വില കൊടുക്കേണ്ടിവന്നു എന്നത് മറ്റൊരു കാര്യം. ഈ കോവിഡ് – 19 ന്റെ ലോക്ക് ഡൗൺ കാലത്ത് എഴുതിത്തുടങ്ങിയ, “ചരിത്രത്തിനൊരു ദൃക്സാക്ഷി” എന്ന ഓർമപ്പുസ്തകത്തിൽ അക്കാര്യങ്ങൾ ഞാൻ വിശദീകരിക്കുന്നുണ്ട്.

രണ്ടാമത്തെ സംഭവം നടക്കുമ്പോൾ മാണിസാർ പ്രതിപക്ഷത്തിരിക്കുന്നു. കാലം 1987. കെ.കരുണാകരൻ മന്ത്രിസഭയ്ക്കു ശേഷം ഇ.കെ. നായനാരുടെ നേതൃത്വത്തിൽ എൽ.ഡി.എഫ്. മന്ത്രിസഭ അധികാരത്തിൽ വന്നു. ഞാനപ്പോൾ ലേബർ കമ്മീഷണറാണ് – എൽ. സി. ഭരണത്തിൽ സി.ഐ.റ്റി.യു. നേരിട്ടും അല്ലാതെയും ശക്തമായ സ്വാധീനം ചെലുത്തും എന്നുറപ്പ്. രാഷ്ട്രീയ എതിരാളിയായ കെ.എം. മാണിയുടെ മരുമകൻ ലേബർ കമ്മീഷണറായിരിക്കുന്നത് സ്വാഭാവികമായും അവർക്ക് ഇഷ്ടപ്പെടുകയില്ല. ആർ.എസ്.പി.ക്കാരനായ പങ്കജാക്ഷനാണ് തൊഴിൽ വകുപ്പു മന്ത്രി – എന്റെ ബോസ്. ഒരു ട്രാൻസ്ഫർ ഞാൻ ഉറപ്പിച്ചു. മിക്കവാറും പ്രിന്റിംഗ് ആൻഡ് സ്റ്റേഷണറി പോലുള്ള ഏതെങ്കിലും അപ്രശസ്തമായ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി പദവിയാകും കിട്ടുക.

അങ്ങനെയിരിക്കേ, ഒരു ദിവസം മന്ത്രി പങ്കജാക്ഷൻ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചു. ഞാൻ ചെന്നപ്പോൾ വലിയ മുറി നിറയെ ആളുണ്ട്. പാർട്ടിക്കാരാകണം. അദ്ദേഹം എന്നോട് തന്റെ പാർശ്വത്തിലെ ഉദ്യോഗസ്ഥർക്കുള്ള കസേരയിലിരിക്കാൻ ആംഗ്യം കാട്ടി. ഞാനിരുന്ന് കുറച്ചു സമയം കഴിഞ്ഞപ്പോൾ അദ്ദേഹം ആൾക്കൂട്ടത്തെ പറഞ്ഞുവിട്ടു. പിന്നെ, കോളാമ്പിയെടുത്ത് വായിലെ മുറുക്കാൻ നീട്ടിത്തുപ്പി.എന്നിട്ട്, എന്റെയൊരു പാർശ്വവീക്ഷണം നടത്തിക്കൊണ്ട് ചോദിച്ചു:

“എൽ.സി. അല്ലേ, മാണിസാറിന്റെ മരുമകൻ?”

ചോദ്യം എന്നതിനേക്കാളേറെ ഒരു സ്റ്റേറ്റ്മെന്റ് ആയിരുന്നു അത്. ഞാൻ

എന്റെ ആത്മസംഘർഷം പുറത്തുകാട്ടാൻ പാടുപെട്ട് ബലംപിടിച്ചിരുന്നു.

”മാണി സാറിനോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്. രാഷ്ട്രീയമായി ഞാനദ്ദേഹത്തോട് ശക്തമായി വിയോജിക്കുന്നു. പക്ഷേ, ഒരു നേതാവെന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും ഭരണാധിപനെന്ന നിലയിലും അതേശക്തിയോടെ ബഹുമാനിക്കുന്നു.”

അതോടെ ഒന്നു തലയാട്ടാനുള്ള ധൈര്യം എനിക്കു കിട്ടി.

അപ്പോൾ അദ്ദേഹം തുടർന്നു. ” മാണി സാറിന്റെ മരുമകൻ ലേബർ കമ്മീഷണറായി ഇരിക്കേണ്ട, ട്രാൻസ്ഫർ ചെയ്യണം എന്ന് എന്നോട് പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്.”

ഇതാ, എന്റെ കഴുത്തിൽ വാൾ വീണു. ഞാൻ ചെവി കൂർപ്പിച്ചിരിക്കുകയാണ്.

അപ്പൊഴദ്ദേഹം വീണ്ടും കോളാമ്പിയെടുത്ത് മുറുക്കാൻ തുപ്പി.

എന്നിട്ട് വളരെ ശക്തമായും സാവകാശത്തിലും തുടർന്നു. “എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ മാണി സാറിന്റെ മരുമകനാണെന്നത് ഒരു അയോഗ്യതയല്ല. എന്നെ സംബന്ധിച്ച് അതൊരു യോഗ്യതയാണ്. എന്റെ കാഴ്ചപ്പാട് വ്യക്തമാണ്. ലേബർ കമ്മീഷണർ എന്നനിലയിൽ നിങ്ങൾ സർക്കാരിന്റെ നയങ്ങൾ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നടപ്പാക്കണം. ശരിയായതു ചെയ്യാം, ചട്ടവിരുദ്ധവും നിയമവിരുദ്ധവുമായത് ചെയ്യരുത്. അപ്പോൾ എനിക്ക് നിങ്ങളെ സ്ഥലം മാറ്റണ്ടിവരില്ല.”

ഞാൻ സ്തബ്ധനായിപ്പോയി. മാണിസാർ പറഞ്ഞ അതേവാക്കുകൾ!

എൽ.ഡി.എഫ് ഭരണത്തിലിരുന്ന കാലം മുഴുവൻ ഞാൻ അതേസ്ഥാനത്തിരുന്നു – സംസ്ഥാനത്ത് ഏറ്റവം നീണ്ടകാലം ലേബർ കമ്മീഷണറായിരുന്നയാൾ! മാത്രമല്ല, എൽ.ഡി.എഫ് ഭരണകാലത്ത് സ്ഥലംമാറ്റം കിട്ടാത്ത കേരളത്തിലെ ഒരേയൊരു ഐ.എ.എസ് ഉദ്യോഗസ്ഥനും ഞാനായിരുന്നു.

കരുണാകരന്റെ നേതൃത്വത്തിൽ വീണ്ടും യു.ഡി.എഫ് ഭരണത്തിൽ വന്നപ്പോൾ, മാനവശേഷി വികസനം എന്ന വിഷയത്തിൽ MSc ചെയ്യാൻ യു.കെ.യിലേക്ക് പോയപ്പോഴാണ് ഞാൻ ആസ്ഥാനം വിട്ടത്.

അത്, കെ.എം. മാണിയുടെ വ്യക്തിവൈശിഷ്ട്യത്തിനുള്ള ഒരു ആദരവിന്റെ അർപ്പണംയായിരുന്നു.

പൊതുജീവിതത്തിൽ ഞാൻ കണ്ട മാണിസാർതന്നെയായിരുന്നു കുടുംബജീവിതത്തിൽ ഞാൻ അടുത്തറിഞ്ഞ അമ്മായിയപ്പൻ. ചുളിവോ കറയോ വീഴാതെ ദിനംപ്രതി ഒരു ഡസൻ തവണവരെപോലും വെള്ളജൂബയും മുണ്ടും മാറുന്ന അദ്ദേഹം തന്റെ വ്യക്തിത്വം പക്ഷേ, അണുവിടപോലും മാറാൻ അനുവദിച്ചിരുന്നില്ല. പൊതുരംഗത്ത് തന്റെ പ്രതിച്ഛായ സംശുദ്ധമായി കാത്തുസൂക്ഷിക്കാൻ നിതാന്തശ്രദ്ധ പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതിന് ഭംഗം വന്നാൽ ആ ഹൃദയം തകർന്നു പോകുമായിരുന്നു. ക്യാമറയ്ക്കും മൈക്കിനും മുന്നിൽ എന്നും ശുഭ്രസുന്ദരനായി കാണപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നയാൾ. തുടർച്ചയായുള്ള വസ്ത്രം മാറലൊക്കെ അതിന്റെ ഭാഗമായിരുന്നു.

എത്ര ക്ഷീണിതനായിരുന്നാലും മൈക്കിനു മുന്നിലെത്തിയാൽ അപാരമായൊരു ഊർജസ്വലത അദ്ദേഹത്തിൽ വന്നു നിറയുമായിരുന്നു. ജനങ്ങളിൽനിന്നാണ് അത് അദ്ദേഹത്തിലേക്ക് പ്രവഹിച്ചിരുന്നത്. അതിനാൽ എന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. അവരുമായി അൽഭുതകരമായ ചൈതന്യത്തോടും പ്രസാദാത്മകതയോടും നയചാതുര്യത്തോടുംകൂടി ആശയവിനിമയം നടത്തി. നൂറുകണക്കിനാളുകളുമായി തുടർച്ചയായി സംസാരിച്ചാലും അദ്ദേഹം തെല്ലും ക്ഷീണിതനാകുമായിരുന്നില്ല. തന്നോടിടപെടുന്ന ഓരോരുത്തരിലും, അയാൾ തനിക്ക് ഏറ്റം പ്രിയപ്പെട്ട വ്യക്തിയാണ് എന്ന തോന്നലുളവാക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. അതിനാൽ അവർ അദ്ദേഹത്തെ അതിരറ്റു സ്നേഹിച്ചു. ഏറ്റവും അടുപ്പമുള്ളയാളെ വിളിക്കുന്നതുപോലെ “മാണിസാർ” എന്നു വിളിച്ചു. വല്ല ഹർത്താലോ പണിമുടക്കോ മൂലം ജനങ്ങൾക്ക് തന്റെയടുത്തേക്കു വരാൻ സാധിക്കാത്ത ദിനങ്ങളിൽ വലിയ മുഷിച്ചിലിൽ ആയിരിക്കും അദ്ദേഹം.

ഈ ലോക്ക് ഡൗൺ കാലത്ത് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം എന്തു ചെയ്തേനെയെന്ന് ഞാൻ വിസ്മയിച്ചുപോകാറുണ്ട്.

പാലായിലെ ഓരോരുത്തരെയും അദ്ദേഹത്തിനു നേരിട്ടറിയാമായിരുന്നു. എങ്കിലും ചിലപ്പോൾ ചിലരെ വിട്ടുപോകും. അപ്പോൾ പേഴ്സണൽ സ്റ്റാഫ് സഹായത്തിനെത്താറാണു പതിവ്. അത്തരമൊരു സന്ദർഭത്തിൽ അദ്ദേഹത്തിന് ഒരബദ്ധം പറ്റി. ഒരു ദിവസം അൽപ്പം പ്രായമുള്ള പ്രൗഡയായൊരു സ്ത്രീ അദ്ദേഹത്തെ കാണാൻ വരികയായിരുന്നു. അവരെ മാണി സാറിനു മനസ്സിലായില്ല.

”ആരാണ്ഈവരുന്ന ചേടത്തി?” അദ്ദേഹം അടുത്തു നിന്നിരുന്ന സഹായിയോടു ചോദിച്ചു.

“കൊട്ടാരമറ്റത്തെ സിബിയുടെ ഭാര്യ ഏലിയാമ്മയാണ്, ” മറുപടി കിട്ടി. അവർ അടുത്തെത്തിയതും മാണിസാർ ഹൃദ്യമായി ചിരിച്ചുകൊണ്ട് കുശലം ചോദിച്ചു.

“ഏലിയാമ്മച്ചേsത്തീ, എന്തൊക്കെയുണ്ടു വിശേഷം? കഴിഞ്ഞയാഴ്ചയും ഞാൻ സിബിച്ചേട്ടനെ കണ്ടതാ. പക്ഷേ, സംസാരിക്കാനൊത്തില്ല”.

അപ്പൊഴേക്കും ഏലിയാമ്മച്ചേടത്തിയുടെ മുഖം വിവർണമായി. ചുറ്റുപാടും അസുഖകരമായൊരു നിശ്ശബ്ദത പരന്നു. സ്റ്റാഫംഗം ഉടനെ സഹായത്തിനെത്തി. ”സാർ, സിബിച്ചേട്ടൻ മരിച്ചിട്ടു കുറെ വർഷമായി”.

“അതേയതെ,” വീണതു വിദ്യയാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “അതുതന്നെയാണ് ഞാൻ പറഞ്ഞുവന്നത്. കഴിഞ്ഞയാഴ്ച ഞാൻ സിബിച്ചേട്ടനെ സ്വപ്നം കണ്ടു. അതിനാലാണ് എനിക്കു വർത്തമാനം പറയാൻ കഴിയാതെപോയത്. പക്ഷേ, അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. എനിക്കുറപ്പുണ്ട്, അദ്ദേഹം കർത്താവിന്റെ കൂടെ സ്വർഗത്തിലാണ്. സിബിച്ചേട്ടൻ സ്വർഗത്തിലുണ്ട്”.

ഏലിയാമ്മച്ചേടത്തിക്ക് ഇതിൽപ്പരം സന്തോഷം മറ്റെന്തുണ്ടാകാൻ!

ചെറുപ്പം മുതൽ അദ്ദേഹത്തിന് പുകവലി ഒരു ശീലമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശ്വാസകോശങ്ങൾ ചുരുങ്ങിപ്പോയിരുന്നു. തന്റെ ആദ്യത്തെ പേരക്കുട്ടി ജനിച്ചപ്പോഴാണ് ആ ദുശ്ശീലം അദ്ദേഹം ഉപേക്ഷിച്ചത്, ഏകദേശം 35 വർഷം മുൻപ്. പിന്നെ പുക വലിച്ചിട്ടേയില്ല.

ബുദ്ധിമുട്ടെല്ലാം പക്ഷേ, മൈക്കോ ക്യാമറയോ കണ്ടാൽ മാറും. ശ്വാസകോശം നല്ല ഉഷാറാകും. പിന്നെ, എത്രനേരം വേണമെങ്കിലും സംസാരിക്കും, ശ്രോതാക്കളെ ആവേശഭരിതരാക്കും.

ശ്വാസകോശരോഗത്താൽ അവശനായി എറണാകുളത്തെ ആശുപത്രി ഐ.സി.യു.വിൽ കിടന്നാലും നിയമസഭാ സമ്മേളനത്തിനു തുടക്കമായാൽ എഴുന്നേറ്റു പോകും. ഒരു വ്യാഴമോ വെള്ളിയോ ആകും അഡ്മിറ്റായിട്ടുണ്ടാകുക.തിങ്കളാഴ്ച വെളുപ്പിനു നാലു മണിയാകുമ്പോഴേക്കും കുളിച്ചു തയാറായി പുറപ്പെടും. എട്ടിന് നിയമസഭയിലെത്തി ആവേശപൂർവം നടപടികളിൽ പങ്കുകൊള്ളും, പ്രസംഗിക്കും. അതു ടി വി യിൽ കാണുന്ന ഞങ്ങൾ അൽഭുതപ്പെടുപോകുമായിരുന്നു, അന്നു വെളുപ്പിനുവരെ ഐ.സി.യുവിൽക്കിടന്നിരുന്ന ആളാണോ ഇതെന്ന്!

ദൈവപരിപാലനയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടുകൂടിയായിരുന്നു അതു സാധിച്ചിരുന്നതെന്ന് എനിക്കു നിസ്സംശയം പറയാനാകും. മാണി സാറിന്റെ ഭക്തി യഥാർത്ഥമാണോ അതോ കേവലം പ്രകടനമാണോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. യേശുക്രിസ്തുവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും കത്തോലിക്കാ സഭയോടുള്ള കൂറും ഉറച്ചതായിരുന്നു എന്നതാണ് അതിനുള്ള ഉത്തരം. വിശ്വാസമാണ് അദ്ദേഹത്തെ നയിച്ചത്. കെ.എം. മാണി എന്ന മനുഷ്യനെ നിർവചിച്ചതുതന്നെ അതായിരുന്നു എന്ന് ഞാൻ പറയും.

ശത്രുവിനെ സ്നേഹിക്കുക എന്ന ക്രിസ്തുവചനത്തെ ഇത്രത്തോളം ഗൗരവത്തിലെടുത്ത അധികംപേരെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹമത് ദൈനംദിനമെന്നോണം പാലിച്ചിരുന്നു. തന്നെയോ തന്റെ പാർട്ടിയെയോ ദ്രോഹിച്ചവരോട് അദ്ദേഹം പ്രതികാരം ചെയ്തില്ല. അത്തരക്കാർ പിന്നീടൊരിക്കൽ തന്റെയടുത്ത് ഒരു സഹായത്തിനു വന്നാൽ വഴിവിട്ടു പോലും അവർക്കതു ചെയ്തുകൊടുക്കുമായിരുന്നു. അതായിരുന്നു മാണി സാർ. അത് തന്നോടൊപ്പം എന്നും ഉറച്ചുനിന്നവർക്ക് നീരസമുണ്ടാക്കിയാൽപ്പോലും അദ്ദേഹമത് കാര്യമാക്കുമായിരുന്നില്ല. അതദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കിക്കൊടുത്തു, ഒപ്പം നിരവധി സൗഹൃദങ്ങൾ നഷ്ടവുമാക്കി.

പലരും എന്നോട് എടുത്തു ചോദിച്ചിട്ടുള്ള മറ്റൊരുകാര്യം, മാണി സാറും ഭാര്യ കുട്ടിയമ്മയും തമ്മിലുള്ള അസാധാരണമായ സ്നേഹബന്ധം വെറും പുറംപൂച്ചായിരുന്നില്ലേ എന്നാണ്. അല്ല, എന്നാണുത്തരം. വളരെ സവിശേഷവും നിർമലവുമായിരുന്നു ആ ബന്ധം. മരുമകനെന്ന നിലയിൽ ഇരുവരെയും അടുത്തറിഞ്ഞ നാലു പതിറ്റാണ്ടുകളിൽ ഒരിക്കൽപ്പോലും അവർ പിണങ്ങി ഞാൻ കണ്ടിട്ടില്ല. അവരിരുവരും ഒന്നായിരുന്നു. അകന്നിരിക്കുമ്പോൾ മണിക്കൂറിൽ ഒരിക്കലെങ്കിലും അദ്ദേഹം ഭാര്യയെ വിളിക്കും; തിരിച്ച് 15 മിനുട്ടിൽ ഒരിക്കലാകും വിളി! ഒരു വഴക്കോ പിണക്കമോ ഇല്ലാതെ രണ്ടു വ്യക്തികൾ അറുപതു വർഷം ഒന്നിച്ചു ജീവിക്കുക എന്നത് തികച്ചും അവിശ്വസനീയം. പക്ഷേ, വിശ്വസിച്ചാലും ഇല്ലെങ്കിലും അതായിരുന്നു സത്യം.

അതെ, പൊതുജീവിതത്തിലും കുടുംബ ജീവിതത്തിലും ഒരുപോലെ പരിശുദ്ധി കാത്തുസൂക്ഷിച്ച, ഇരട്ട മുഖങ്ങളില്ലാതിരുന്ന ഒരു മനുഷ്യൻ – ഒരേയൊരു മാണിസാർ!

– എം.പി ജോസഫ് –