തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കാന്‍ സഹായകമായത് യുപിഎ സര്‍ക്കാരിന്റെ ഇടപെടലാണെന്ന് പി ചിദംബരം

Jaihind News Bureau
Thursday, April 10, 2025

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കാന്‍ സഹായകമായത് യുപിഎ സര്‍ക്കാരിന്റെ ഇടപെടലാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം. 2012 മുതല്‍ യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായി നടത്തിയ നയതന്ത്ര, നിയമ, രഹസ്യാന്വേഷണ ശ്രമങ്ങളുടെ പരിസമാപ്തിയാണ് റാണയെ ഇന്ത്യയില്‍ എത്തിക്കാന്‍ കാരണമായതെന്നും പി ചിദംബരം പറഞ്ഞു. റാണയെ ഇന്ത്യയില്‍ എത്തിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ഇപ്പോള്‍ മോദി സര്‍ക്കാര്‍ തിടുക്കം കാട്ടുന്നതായും പി ചിദംബരം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

2012ല്‍ അന്നത്തെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, കേന്ദ്ര വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി എന്നിവര്‍ ഇക്കാര്യത്തില്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. തുടര്‍ന്ന് 2014 ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ഈ നടപടികള്‍ മുന്നോട്ട് കൊണ്ടുപോവുക മാത്രമാണ് ചെയ്തതെന്നും ചിദംബരം പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ മോദിക്ക് നേട്ടം അവകാശപ്പെടാന്‍ കഴിയില്ലെന്നും ചിദംബരം വ്യക്തമാക്കി. തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രത്യേകമായി ഒന്നും ചെയ്തിട്ടില്ല. യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുന്നോട്ടു കൊണ്ടുപോവുക മാത്രമാണ് ചെയ്തതെന്നും ചിദംബരം പ്രസ്താവനയില്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഇതിനായി യുപിഎ സര്‍ക്കാര്‍ മികച്ച ഏകോപനത്തോടെയാണ് പ്രവര്‍ത്തിച്ചത്. നയതന്ത്ര, നിയമ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അമേരിക്കയുമായി നടത്തിയ മികച്ച പ്രവര്‍ത്തനമാണ് തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കാന്‍ കാരണമായി മാറിയത്. എന്നാല്‍ ഇതിന്റെ ക്രൈഡിറ്റ് ഏറ്റെടുക്കാന്‍ മോദി സര്‍ക്കാര്‍ തിടുക്കം കൂട്ടുകയാണെന്നും സത്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു.

2009 നവംബര്‍ 11 ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി , തഹാവൂര്‍ റാണ, ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെ എന്‍ഐഎ ന്യൂഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് നടപടികള്‍ക്ക് തുടക്കമായത്. 2011 ല്‍ യു എസ് കോടതി റാണയെ കുറ്റവിമുക്തനാക്കിയപ്പോള്‍ യുപിഎ സര്‍ക്കാര്‍ നയതന്ത സമ്മര്‍ദം സജീവമാക്കി. നിയമപരമായ നടപടികളും തുടര്‍ന്നു. പിന്നാലെ യുഎസ് സര്‍ക്കാര്‍ നിര്‍ണായക തെളിവുകള്‍ ഇന്ത്യയ്ക്ക് കൈമാറുകയും ഇത് റാണ ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കെതിരെ 2011 ഡിസംബറില്‍ സമര്‍പ്പിച്ച എന്‍ഐഎയുടെ കുറ്റപത്രത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പ്രതികള്‍ക്ക് ഇന്റര്‍പോള്‍ നോട്ടീസ് അയച്ചു.

2012 ല്‍, ഹെഡ്‌ലിയെയും റാണയെയും കൈമാറുന്നതിനായി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണുമായും അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷെര്‍മാനുമായും ചര്‍ച്ച തുടര്‍ന്നു. ഇതിന്റെയെല്ലാം ഫലമായിട്ടാണ് ഇപ്പോള്‍ റാണയെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞത്. അല്ലാതെ ശക്തനായ നേതാവ് എന്നവകാശപ്പെടുന്ന നരേന്ദ്രമോദിയുടെ ഒറ്റകഴിവ് മാത്രമല്ലെന്നും പി ചിദംബരം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യുപിഎ നടത്തിയ ശ്രമങ്ങള്‍ തുടരുക എന്നതുമാത്രമായിരുന്നു ഇവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. വര്‍ഷങ്ങളുടെ കഠിനമായ കൂട്ടായ പരിശ്രമത്തിന്റെ ഫലത്തെ സ്വന്തം ക്രെഡിറ്റായി ഏറ്റെടുക്കാനുള്ള മോദിയുടെ ശ്രമത്തെയും പി ചിദംബരം പരിഹസിച്ചു.