‘കമ്മീഷന് സദാചാര പോലീസിന്‍റെ മാനസികാവസ്ഥ, അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിന്‍റെ മസാലക്കഥകള്‍ മാത്രം’; സോളാർ കമ്മീഷനെതിരെ മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍

Thursday, June 8, 2023

 

തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ സോളീർ ജുഡീഷ്യൽ കമ്മീഷനായിരുന്ന ജസ്റ്റിസ് ജി ശിവരാജനെതിരെ രൂക്ഷവിമർശനവുമായി മുൻ ഡിജിപി എ ഹേമചന്ദ്രന്‍റെ സർവീസ് സ്റ്റോറി. കമ്മീഷൻ പലപ്പോഴും സദാചാര പോലീസിന്‍റെ മാനസികാവസ്ഥയിലായിരുന്നതായും സ്ത്രീ പുരുഷ ബന്ധത്തിന്‍റെ മസാലക്കഥകൾ കിട്ടുമോ എന്ന ലക്ഷ്യത്തോടെയായിരുന്നു കമ്മീഷൻ ചില ചോദ്യങ്ങൾ ഉയർത്തിയതെന്നും
മുൻ ഡിജിപി ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിന്‍റെ നിയമസാധുത പരിശോധിക്കാതെയാണ് സർക്കാർ മുന്നോട്ടുപോയതെന്നും അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു.

‘നീതി എവിടെ’ എന്ന തന്‍റെ സർവീസ് സ്റ്റോറിയിൽ ‘അൽപായുസായ റിപ്പോർട്ടും തുടർചലനങ്ങളും’ എന്ന തലക്കെട്ടോടെയാണ് സോളാർ കമ്മിഷനെതിരെ മുൻ ഡിജിപി എ ഹേമചന്ദ്രൻ തുറന്ന വിമർശനങ്ങൾ ഉയർത്തിയിരിക്കുന്നത്. സോളാർ കേസിന്‍റെ അന്വേഷണസംഘത്തലവൻ എന്ന നിലയിൽ കമ്മീഷനു മുന്നിൽ ഹാജരായപ്പോഴുണ്ടായ അനുഭവങ്ങളിൽ നിന്നാണ് മുൻ ഡിജിപി വിമർശനം ഉയർത്തുന്നത്. സോളാർ തട്ടിപ്പായിരുന്നു അന്വേഷണ വിഷയമെങ്കിലും കമ്മീഷന്‍റെ ചോദ്യങ്ങളുടെ ഉന്നം സ്ത്രീ പുരുഷ ബന്ധത്തിന്‍റെ മസാലക്കഥകൾ വല്ലതും കിട്ടുമോ എന്നറിയാനായിരുന്നുവെന്നും പ്രതിയുടെ കുട്ടിയുടെ പിതൃത്വം അന്വേഷിച്ചോ എന്ന ചോദ്യം പോലും ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നതായും മുന്‍ ഡിജിപി വെളിപ്പെടുത്തുന്നു. പ്രതിയായ യുവതിയുടെ ആകൃതിയും പ്രകൃതിയും വസ്ത്രധാരണവും പോലും കമ്മീഷൻ വർണ്ണിച്ചെന്നും കമ്മീഷന്‍റെ തമാശ അരോചകമായപ്പോൾ പോലീസുദ്യോഗസ്ഥർക്ക് പരാതി നൽകേണ്ട സ്ഥിതി ഉണ്ടായതായും എ ഹേമചന്ദ്രൻ തുറന്നടിക്കുന്നു.

സാമ്പത്തിക തട്ടിപ്പിന് കോടതി ശിക്ഷിച്ച പ്രതികൾ, കമ്മീഷനു മുന്നിൽ താരസാക്ഷികളായി മാറുന്ന കാഴ്ചയാണ് കണ്ടതെന്നും വിദ്യാസമ്പന്നരായ രണ്ടു യുവ വ്യവസായികളെന്നാണ് കമ്മീഷൻ അവരെ വിശേഷിപ്പിച്ചതെന്നും ഹേമചന്ദ്രൻ അനുഭവ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ആ വിശ്വാസം പ്രതികൾ ചൂഷണം ചെയ്തതാണ് അശ്ലീല സിഡി തേടിയുള്ള നാടകത്തിൽ കലാശിച്ചതെന്നുമാണ്ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നത്. സി ദിവാകരന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ സോളാർ കമ്മീഷനെതിരെ ആരോപണങ്ങളുമായി മുൻ ഡിജിപിയുടെ സർവീസ് സ്റ്റോറി പുറത്തിറങ്ങിയത് വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്ക് കളമൊരുക്കും.