സിപിഎമ്മിന് ഷോക്ക് ട്രീറ്റ്‌മെന്റ്; ചുവപ്പ് വിട്ട് കാവിയിലേക്ക്; എസ്. രാജേന്ദ്രൻ ഇനി ബിജെപി പാളയത്തിൽ

Jaihind News Bureau
Sunday, January 18, 2026

ഇടുക്കിയിലെ കരുത്തനായ സിപിഎം നേതാവും മുൻ ദേവികുളം എംഎൽഎയുമായ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്. ഇന്ന് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തി അദ്ദേഹം അംഗത്വം സ്വീകരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രൻ പാർട്ടി മെമ്പർഷിപ്പ് കൈപ്പറ്റുന്നത്. മൂന്ന് തവണ എംഎൽഎയായിരുന്ന മുതിർന്ന നേതാവിന്റെ ഈ മാറ്റം ഇടുക്കിയിലെ സിപിഎമ്മിന് വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

2006, 2011, 2016 വർഷങ്ങളിൽ ദേവികുളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച എസ്. രാജേന്ദ്രൻ ദീർഘകാലമായി സിപിഎം നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ഈ മാസം ആദ്യം ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയോടെയാണ് പാർട്ടി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനമായത്. ബിജെപിയിൽ ചേരുന്നതിനായി താൻ പ്രത്യേക നിബന്ധനകളോ വ്യക്തിപരമായ ആവശ്യങ്ങളോ മുന്നോട്ടുവെച്ചിട്ടില്ലെന്ന് രാജേന്ദ്രൻ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷമായി രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായിരുന്നു. സിപിഎം ഏറെ സ്വാധീനമുള്ള തോട്ടം മേഖലകളിൽ രാജേന്ദ്രന്റെ ഈ നീക്കം പാർട്ടിയുടെ അടിത്തറ ഇളക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം. സിപിഎം-ബിജെപി അന്തർധാര സജീവമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടയിൽ ഈ പാർട്ടി മാറ്റം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.