ഈ കരുതല്‍ അവിശ്വസനീയം ; ഉമ്മന്‍ ചാണ്ടിയുടെ സഹായത്തില്‍ നാട്ടിലേക്ക് പറക്കാനൊരുങ്ങി കർണാടക സ്വദേശിനി

Jaihind News Bureau
Saturday, May 23, 2020

 

ലോക്ഡൗണില്‍ തിരുവനന്തപുരത്ത് കുടുങ്ങിയ കർണാടക ബിജാപുർ സ്വദേശിനിക്ക് ആശ്വാസമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍. ട്രെയിനിംഗിന്‍റെ ഭാഗമായി തിരുവനന്തപുരത്ത്  എത്തിയ ജാനകിക്കാണ് ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ തുണയായത്. ഭാഷയുടെയോ അതിർവരമ്പുകളുടെയോ വേർതിരിവില്ലാതെ, ഒരു പ്രശ്നവുമായി തനിക്ക് അടുത്തെത്തുന്നവരെ സഹായിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ സമീപനത്തിന് നന്ദി പറയുകയാണ് ഇവർ.

എന്‍ജിനീയറിംഗ് ഡാറ്റാ സയന്‍സ് പൂര്‍ത്തിയാക്കിയതിന് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ജാനകി ട്രെയിനിംഗിനായി തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയിലെത്തിയത്. കൊവിഡ് മഹാമാരിക്ക് പിന്നാലെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ തിരികെ നാട്ടിലേക്ക് പോകാന്‍ കഴിയാതെ വരികയായിരുന്നു. ലോക്ക്ഡൌണ്‍ രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് നീട്ടിയതോടെ ജാനകിയുടെ ഹോസ്റ്റല്‍ കാര്യങ്ങളുള്‍പ്പെടെ ബുദ്ധിമുട്ടിലായി. തുടർന്ന് ചില സുഹൃത്തുക്കളുടെ സഹായത്തോടെ മേയ് 11 ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുകയായിരുന്നു.

ജാനകിയുടെ പ്രശ്നങ്ങള്‍ ശ്രദ്ധാപൂർവം കേട്ട ഉമ്മന്‍ ചാണ്ടി പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് ഉറപ്പ് നല്‍കി. ദിവസവും നിരവധി പേരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നവരെന്ന നിലയില്‍ ഇത് ഓർത്തിരിക്കുമോ എന്ന ജാനകിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന മുന്‍ മുഖ്യമന്ത്രിയുടെ സമീപനവും കരുതലും. കാര്യങ്ങളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഓരോ ദിവസവും ജാനകിയെ അറിയിച്ചുകൊണ്ടിരുന്നു.

കർണാടക പി.സി.സിയുടെ നേതൃത്വത്തില്‍ മലയാളികളെ എത്തിക്കുന്ന ബസില്‍ ജാനകിയെ തിരിച്ചയക്കാനായിരുന്നു ആദ്യശ്രമം. എന്നാല്‍ തിരികെ പോകുന്ന ബസില്‍ മറ്റ് യാത്രക്കാരില്ലാതിരുന്നതിനാല്‍ സുരക്ഷയെ കരുതി ഇത് ഒഴിവാക്കുകയായിരുന്നു. ട്രെയിന്‍ സർവീസും വൈകിയതിനാല്‍ ആ മാര്‍ഗവും ഫലപ്രദമായില്ല. ആഭ്യന്തര വിമാന സർവീസുകള്‍ 25ന് ആരംഭിക്കാന്‍ തീരുമാനമായതോടെ ജാനകിക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. ലോക്ക്ഡൌണിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടായതോടെ ഹോസ്റ്റല്‍ ഫീസ് സംബന്ധിച്ചും പ്രതിസന്ധി നേരിട്ടു. ഫ്ളൈറ്റ് ടിക്കറ്റും ഹോസ്റ്റല്‍ ഫീസും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടി സ്വന്തം നിലയില്‍ തന്നെയാണ് ഏർപ്പാടാക്കിയത്. 25 ന് തിരുവനന്തപുരം വിമാനത്താവളം വരെയുള്ള യാത്രാസൌകര്യവും അദ്ദേഹം ഏർപ്പെടുത്തി.

ബിജാപുരില്‍ നിന്ന് ജാനകിയുടെ വീട്ടിലേക്ക് മണിക്കൂറുകളുടെ യാത്രയുണ്ട്. ഈ പ്രശ്നവും പരിഹരിക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്. കർണാടക പി.സി.സിയുടെ ബന്ധപ്പെട്ട്  വിഷയത്തിന് പരിഹാരമുണ്ടാക്കാമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചു. മുഖ്യമന്ത്രിയായിരുന്നു ഒരാളുടെ കരുതലും ലാളിത്യവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജാനകി പറയുന്നു. കരുതലിന്‍റെയും സ്നേഹത്തിന്‍റെയും സൌമ്യസാന്നിധ്യമായ ഉമ്മന്‍ ചാണ്ടി എന്ന മുന്‍ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് 25ന് ജാനകി നാട്ടിലേക്ക് പറക്കാനൊരുങ്ങുന്നത്. ലോക്ക്ഡൌണ്‍ കാലത്ത് കുടുങ്ങിപ്പോയ നിരവധി പേര്‍ക്കാണ് ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ തുണയാകുന്നത്. പരമാവധി സഹായം ചെയ്യാന്‍ സന്നദ്ധനായി അദ്ദേഹം എപ്പോഴും കൂടെയുണ്ട്.