തിരുവനന്തപുരം: ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ബംഗളുരുവില്‍ നിന്ന് മടങ്ങിയെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നോർക്ക ഡയറക്ടർ ജെ.കെ മേനോനും ഐഒസി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂരും സന്ദർശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ തിരുവനന്തപുരം ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിയാണ് ഇരുവരും അദ്ദേഹത്തെ സന്ദർശിച്ചത്.
അന്തരിച്ച സി.കെ മേനോനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഓർമ്മകള്‍ ഏറെ വൈകാരികതയോടെ ഉമ്മന്‍ ചാണ്ടി മേനോന്‍റെ മകൻ ജെ.കെ മേനോനുമായി പങ്കുവെച്ചു. മേനോനുമായുള്ള സൗഹൃദത്തിന്‍റെ തുടക്കം ഉമ്മന്‍ ചാണ്ടി ഓർത്തെടുത്തു. എഴുപതുകളിൽ ആദ്യമായി എംഎൽഎ ആയ സമയം ഒരു ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് ബസിൽ പോകാൻ ഒരുങ്ങുകയായിരുന്നു ഉമ്മൻ ചാണ്ടി. അന്ന് വി.എം സുധീരനോടൊപ്പം സി.കെ മേനോൻ ഉമ്മൻ ചാണ്ടിയെ കാണാൻ ആശുപത്രിയിലെത്തിയതും പിന്നീട് സി.കെ മേനോൻ തന്നെ ആദ്ദേഹത്തിന്‍റെ കാറിൽ വീട്ടിലെത്തിച്ചതൊക്കെ ഉമ്മൻ ചാണ്ടി ഓർത്തെടുത്തു. അന്ന് തുടങ്ങിയതായിരുന്നു സി.കെ മേനോനുമായുള്ള സൗഹൃദമെന്ന് അദ്ദേഹം പറഞ്ഞു. പില്‍ക്കാലത്ത് സി.കെ മേനോന്‍റെ സഹകരണത്തോടെ പല കാര്യങ്ങളും പ്രത്യേകിച്ച്, ജീവ കാരുണ്യ രംഗത്ത് തനിക്ക് ചെയ്ത് തീർക്കാൻ സാധിച്ചെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയോടും കുടുംബത്തോടുമൊപ്പം അര മണിക്കൂറോളം ജെ.കെ മേനോനും മൻസൂർ പള്ളൂരും ചെലവഴിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ആയുരാരോഗ്യം നേർന്നാണ് ഇരുവരും മടങ്ങിയത്.
നവംബർ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമ്മനിയിലേക്ക് തിരിച്ചത്. ജർമ്മനിയിലെ ചികിത്സയ്ക്ക് ശേഷം നവംബർ 17 ന് മടങ്ങിയെത്തിയ അദ്ദേഹം ബംഗളുരുവിൽ വിശ്രമത്തിലായിരുന്നു. ബംഗളുരുവില്‍ നിന്നും ജനുവരി 1 നാണ് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.