ബാബുല്‍ സുപ്രിയോ തൃണമൂലില്‍ ; ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

Jaihind Webdesk
Saturday, September 18, 2021

കൊല്‍ക്കത്ത : ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായതോടെ ബാബുല്‍ സുപ്രിയോ ബിജെപിയില്‍ നിന്നും അകന്നിരുന്നു.

തൃണമൂൽ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക്​ ബാനർജി, രാജ്യസഭ എം.പി ഡെറിക്​ ഒബ്രിയാൻ എന്നിവർ ചേർന്ന്​ ബാബുൽ സുപ്രിയോയെ സ്വീകരിച്ചു. ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നുവെന്ന്​ പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയും അറിയിച്ചു.

നടനും പിന്നണി ഗായകനുമായിരുന്ന ബാബുല്‍ സുപ്രിയോ 2014ല്‍ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപിയില്‍ ചേർന്നത്. അസന്‍സോളില്‍ രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മോദി മന്ത്രിസഭകളില്‍ നഗരവികസനം, വനം പരിസ്ഥിതി സഹമന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.