ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് രാജ്യം വിട്ടു; ഉടുത്തിരുന്ന ലുങ്കി വേഷത്തില്‍ തായ്ലന്‍ഡിലേക്ക് മുങ്ങി; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Jaihind News Bureau
Tuesday, May 13, 2025

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഹമീദ് രാജ്യം വിട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിക്ക് ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തായ് എയര്‍വേയ്സ് വിമാനത്തിലാണ് അദ്ദേഹം രാജ്യം വിട്ടത്. രാജ്യം ഗാഢനിദ്രയിലായിരുന്ന സമയത്തായിരുന്നു ഈ നീക്കം. സംഭവം ശ്രദ്ധയില്‍പ്പെട്ട ഇടക്കാല സര്‍ക്കാര്‍ ചില ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ചിലരെ സ്ഥലം മാറ്റി . സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ പേരില്‍ അന്വേഷണം നേരിടുന്നവരില്‍ 81 കാരനായ ഹമീദും ഉള്‍പ്പെടുന്നു. 2013 മുതല്‍ 2023 വരെ രണ്ട് തവണ ബംഗ്ലാദേശ് പ്രസിഡന്റായിരുന്നു അബ്ദുള്‍ ഹമീദ്. 2024-ലെ പ്രക്ഷോഭ കാലയളവില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ ഫയല്‍ ചെയ്ത കൊലപാതക കേസിലും ഇദ്ദേഹം കൂട്ടുപ്രതിയാണ്. ഹസീന ഭരണകൂടം പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അവരെ കൊന്നുവെന്നാണ് കേസ് .

മുന്‍ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് തായ്ലന്‍ഡിലേക്ക് മുങ്ങിയതിനെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ ഉപദേഷ്ടാവ് സി.ആര്‍. അബ്രാറിന്റെ നേതൃത്വത്തില്‍ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചതായി യുണൈറ്റഡ് ന്യൂസ് ഓഫ് ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹമീദ് രാജ്യം വിട്ടതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തതായി ഇന്ത്യന്‍ ബംഗ്ലാ ദിനപത്രങ്ങളായ പ്രതിദിന്‍, ബര്‍താമാന്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം ലുങ്കി വേഷത്തിലാണ് വിദേശത്തേയ്ക്ക് പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചികിത്സാര്‍ത്ഥം സഹോദരനും അളിയനുമൊപ്പമാണ് അദ്ദേഹം പോയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നുണ്ടെങ്കിലും, ബംഗ്ലാദേശിലെ വിചാരണയില്‍ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം പലായനം ചെയ്തതെന്ന് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നു. വീല്‍ചെയറില്‍ ലുങ്കിയുടുത്തിരിക്കുന്ന ഹമീദിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.