ചങ്ങനാശേരി അതിരൂപത മുന്‍ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ (92) അന്തരിച്ചു

Jaihind Webdesk
Saturday, March 18, 2023

 

കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു. 92 വയസായിരുന്നു. 1985 നവംബർ അഞ്ച് മുതൽ 2007 മാര്‍ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി പ്രവർത്തിച്ച് അദ്ദേഹം വിരമിക്കുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

ചങ്ങനാശേരി അതിരൂപതയിലെ തന്നെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയിലെ പൗവത്തിൽ കുടുംബാംഗമാണ് കാലം ചെയ്ത ജോസഫ് പൗവത്തിൽ പിതാവ്. 1930 ഓഗസ്റ്റ് 14നായിരുന്നു ജനനം. പൗവത്തിൽ അപ്പച്ചന്‍ – മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍പി സ്‌കൂള്‍, കുറുമ്പനാടം സെന്‍റ് പീറ്റേഴ്സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍, എസ്ബി കോളേജ് എന്നിവിടങ്ങളില്‍നിന്നായിരുന്നു വിദ്യാഭ്യാസം. പിന്നീട് 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു.

ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി 1972 ജനുവരി 29ന് നിയമിക്കപ്പെട്ടു. 1972 ഫെബ്രുവരി 13ന് റോമില്‍ വച്ച് പോള്‍ ആറാമന്‍ മാർപാപ്പായില്‍ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍റണി പടിയറയുടെ സഹായമെത്രാനായിട്ടായിരുന്നു നിയമനം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. 1977 മേയ് 12നായിരുന്നു സ്ഥാനാരോഹണം.

മാര്‍ ആന്‍റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായി. 1986 ജനുവരി 17 ന് സ്ഥാനാരോഹണം. 22 വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച മാര്‍ പൗവത്തില്‍ സഭയുടെ ക്രാന്തദര്‍ശിയായ ആചാര്യനായിരുന്നു. ‘ക്രൗണ്‍ ഓഫ് ദ ചര്‍ച്ച്’ എന്നാണ് സഭാപിതാക്കന്മാര്‍ മാര്‍ പൗവത്തിലിനെ വിശേഷിപ്പിക്കുന്നത്.

കെസിബിസി പ്രസിഡന്‍റായി 1993 മുതല്‍ 1996വരെ അദ്ദേഹം പ്രവർത്തിച്ചു. 1994 മുതല്‍ 1998വരെ സിബിസിഐ പ്രസിഡന്‍റുമായിരുന്നു. 2007 മാര്‍ച്ച് 19നാണ് മാര്‍ ജോസഫ് പൗവത്തില്‍ വിരമിച്ചത്. സഭയിൽ നിരവധി ചുമതലകൾ വഹിച്ചിരുന്ന സമയത്ത് അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്. സഭയും വിശ്വാസികളെയും സംബന്ധിച്ച് അദ്ദേഹത്തിന്‍റെ വിയോഗം തീരാനഷ്ടമാണ്.