കാസർഗോഡ്: കാട്ടാനയുടെ കുത്തേറ്റ് മാനന്തവാടിയിൽ ഒരാൾ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വന്യമൃഗശല്യം പരിഹരിക്കുന്നതിൽ സർക്കാർ നോക്കുകുത്തിയായി മാറി. വനം വകുപ്പ് മന്ത്രിക്ക് സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്നും മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കെപിസിസിയുടെ ജനകീയ പ്രക്ഷോഭ യാത്രയായ സമരാഗ്നിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ 7.30 നാണ് കർഷകനും ഡ്രൈവറുമായ അജീഷിനെ കാട്ടാന മതില്‍ പൊളിച്ചെത്തി ചവിട്ടിക്കൊന്നത്. പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു ആനയുടെ മുന്നിൽപ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും മതില്‍ ചാടുന്നതിനിടെ അജീഷ് കാല്‍ തട്ടി വീണു. മതിൽ പൊളിച്ച് അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്. പിന്നാലെ വ്യാപക പ്രതിഷേധമാണ് മാനന്തവാടിയില്‍ ഉയർന്നത്. അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാർ ഉപരോധിച്ചു. വന്യജീവിശല്യത്തില്‍ നിന്ന് സർക്കാർ സംരക്ഷണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.