മ്യൂസിയത്തിന്‍റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് ; മോന്‍സന്‍റെ വീട്ടില്‍ വനംവകുപ്പ്, കസ്റ്റംസ് പരിശോധന

Jaihind Webdesk
Tuesday, September 28, 2021

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ വനംവകുപ്പിന്‍റെയും കസ്റ്റംസിന്‍റെയും പരിശോധന. ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കൾ മോണ്‍സന്‍റെ വീട്ടില്‍ ഉണ്ടെന്ന സൂചനയെ തുടർന്നാണ് റെയ്ഡ്. മോന്‍സന്റെ മ്യൂസിയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളിൽ  വീട്ടിൽ ആനക്കൊമ്പ് ഘടിപ്പിച്ച കസേരയുടെ ചിത്രം വ്യക്തമായിരുന്നു.

തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുന്നത്. ഈ ആനക്കൊമ്പ് യഥാർഥമാണോ എന്നാണ് വനംവകുപ്പ് പരിശോധിക്കുന്നത്.  ആനക്കൊമ്പിന് പുറമേ മറ്റെതെങ്കിലും ജീവികളുടെ കൊമ്പോ മറ്റ് വസ്തുക്കളോ സൂക്ഷിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.

അതേസമയം രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് മോണ്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായാല്‍ കോടതിയിലേക്ക് കൊണ്ടുപോകും. മോന്‍സന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും ഇന്ന് കോടതി വിധി പറയും.