ഒമാനിലെ ജ്വല്ലറിയില്‍ 23.5 കോടിയുടെ ആഭരണ കവര്‍ച്ച: വിനോദസഞ്ചാരികള്‍ പിടിയില്‍; കൊള്ളയടിച്ചത് ജ്വല്ലറിയുടെ ഭിത്തി പൊളിച്ച്

Jaihind News Bureau
Monday, December 15, 2025

മസ്‌കറ്റ്: ഒമാനില്‍ 23.5 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍, യൂറോപ്യന്‍ വിനോദ സഞ്ചാരികളെ, ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ മതില്‍ തകര്‍ത്ത് ,അകത്തു കടന്നാണ് വന്‍ക്കൊള്ള നടത്തിയത്. സേഫ് ലോക്കര്‍ പൊളിച്ച് , ഇവര്‍ പണവും കവര്‍ന്നിരുന്നു.

പത്ത് ലക്ഷം ഒമാന്‍ റിയാലിന്റെ സ്വര്‍ണ്ണം കവര്‍ന്ന സംഘത്തെയാണ്, അതിവിദ്ഗദമായി റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. ടൂറിസ്റ്റ് വീസയില്‍ ഒമാനിലെത്തിയ, പ്രതികള്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഗുബ്ര പ്രദേശത്ത് നിരവധി ജ്വല്ലറികള്‍ക്ക് സമീപത്തെ, ഹോട്ടലില്‍ താമസിച്ചാണ് കൊള്ള ആസൂത്രണം ചെയ്തത്. പലവട്ടമായി സ്ഥലം പരിശോധിച്ച് , കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. ഇപ്രകാരം, പുലര്‍ച്ചെ നാല് മണിയോടെ, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച്, രണ്ടു പേരും ഒരു ജ്വല്ലറിയുടെ പിന്‍ഭാഗത്തെ മതില്‍ തകര്‍ത്ത് അകത്തുകടന്നു. തുടര്‍ന്ന് വലിയ തൂക്കം വരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ഒരു സേഫ് ലോക്കര്‍ ബലമായി തുറന്ന്, പണം എടുത്തുവെന്നും പൊലീസ് പറഞ്ഞു.

കൃത്യമായ അന്വേഷണത്തിന് ഒടുവിലാണ്, പ്രതികളെ അറസ്റ്റ ചെയ്തത്. കുറ്റകൃത്യത്തിന് ഇവര്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സിഫ പ്രദേശത്തെ കടല്‍ത്തീരത്ത് ഒളിപ്പിച്ച, മോഷ്ടിച്ച ആഭരണങ്ങള്‍, പൊലീസ് കണ്ടെടുത്തു. ഇതുസംബന്ധിച്ച വീഡിയോയും പൊലീസ് പുറത്ത് വിട്ടു. വിനോദയാത്രയുടെ മറവില്‍ പ്രതികള്‍ വാടകയ്‌ക്കെടുത്ത ബോട്ടില്‍ കടത്തിയാണ്, ഇവര്‍ സ്വര്‍ണ്ണം സിഫ ബീച്ചില്‍ എത്തിച്ചത്.

REPORT : ELVIS CHUMMAR- JAIHIND TV MIDDLE EAST BUREAU