ജി 20 ഉച്ചകോടിക്കായി വിദേശരാജ്യ പ്രതിനിധികള്‍; ഷീറ്റ് കൊണ്ട് മറച്ച് മുംബൈയിലെ ചേരി പ്രദേശങ്ങള്‍

Jaihind Webdesk
Friday, December 16, 2022

മുംബൈ: ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ മുംബൈയിലെ ചേരി പ്രദേശങ്ങളെല്ലാം ഷീറ്റുപയോഗിച്ച് മറയ്ക്കുന്നു.
ജി 20 ഉച്ചകോടിക്കായി വിദേശരാജ്യ പ്രതിനിധികൾ യാത്ര ചെയ്യുന്ന വഴികളിലെ ചേരി പ്രദേശങ്ങളാണ് ഷീറ്റുപയോഗിച്ച് മറച്ചത്. ഒറ്റരാത്രി കൊണ്ടാണ് ചേരി പ്രദേശങ്ങൾക്ക് മുന്നിൽ ഷീറ്റുകൾ ഉയർന്നത്. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മൂന്ന് ദിവസത്തെ ഉച്ചകോടിക്കായാണ് മുംബൈയിൽ എത്തിയത്.

നഗരത്തിന്‍റെ പല സ്ഥലങ്ങളിലും കൂറ്റൻ ഷീറ്റുകളും പരസ്യ ബോർഡുകളും ഉയർത്തിയിട്ടുണ്ട്. അതേസമയം നടപടി നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായുള്ള നടപടിയാണെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത്തരമൊരു ശുചിത്വപരിപാടി തങ്ങള്‍ കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മുംബൈയിലെ ചേരികൾ വിദേശരാജ്യ പ്രതിനിധികളുടെ കാഴ്ച‌യിൽ നിന്ന് മറയ്ക്കാൻ അധികാരികൾ ശ്രമിക്കുന്നതാണെന്നും പ്രദേശവാസികൾ ആരോപിച്ചു. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മൂന്ന് ദിവസത്തെ ഉച്ചകോടിക്കായാണ് മുംബൈയിൽ എത്തിയത്.

മുമ്പ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഗുജറാത്ത് സന്ദർശിച്ചപ്പോഴും ചേരി പ്രദേശങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചിരുന്നു. മോദിയുടെ സ്വന്തം തട്ടകത്തിലെ ചേരി പ്രദേശങ്ങളായിരുന്നു അന്ന് മറച്ചത്. ഇത് വലിയ വിവാദമായിരുന്നു.