മൂന്ന് ദിവസം, 12 മണിക്കൂർ; ചോദ്യം ചെയ്യലിന് ശേഷം സോണിയാ ഗാന്ധി മടങ്ങി: നാളെ ഹാജരാകാന്‍ നിർദേശമില്ല

Jaihind Webdesk
Wednesday, July 27, 2022

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി വീണ്ടും ഉയർത്തിക്കൊണ്ടുവന്ന നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതായി സൂചന. ഇന്ന് മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി 12 മണിക്കൂറോളമാണ് അനാരോഗ്യങ്ങള്‍ക്കിടെയും കോണ്‍ഗ്രസ് അധ്യക്ഷയെ ഇഡി ചോദ്യം ചെയ്തത്.

അതേസമയം ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഇന്നും രാജ്യവ്യാപകമായി നടത്തിയത്. രാജ്യതലസ്ഥാനത്ത് ഇന്ന് കടുത്ത പ്രതിഷേധമുയർത്തിയ കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന മോദി സര്‍ക്കാര്‍ നയം, വിലക്കയറ്റം, തൊഴിലില്ലായ്മ വിഷയങ്ങള്‍ ഉയർത്തിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. പാര്‍ലമെന്‍റിലും പുറത്തും പ്രതിപക്ഷം പ്രതിഷേധമുയർത്തി.