മലപ്പുറത്ത് ഫുട്ബോള്‍ ഗാലറി തകർന്നുവീണ് അപകടം; നിരവധി പേര്‍ക്ക് പരിക്ക് | VIDEO

Sunday, March 20, 2022

മലപ്പുറം: പൂങ്ങോട്ടിൽ ഫുട്ബോൾ ഗാലറി തകർന്ന് വീണ് അമ്പതിലേറെ പേർക്ക് പരിക്ക്. സെവൻസ് ഫുട്ബോൾ ഫൈനൽ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. വണ്ടൂരിനടുത്ത് പൂങ്ങോട്ട് മൈതാനത്ത് സെവന്‍സ് ഫുട്ബോള്‍ മത്സരം നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. നിരവധി ആളുകൾ ഗാലറിയുണ്ടായിരുന്നു. കവുങ്ങും മുളയും കൊണ്ട് നിർമ്മിച്ച താത്ക്കാലിക ഗാലറിയാണ് തകർന്ന് വീണത്. ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിലുമധികം ആളുകൾ ഉണ്ടായിരുന്നതായി പരിക്കേറ്റവരും മറ്റ് കാണികളും പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ കളി കാണാൻ എത്തിയിരുന്നു. 7 മണി ആയപ്പോഴേക്കും ഗാലറി നിറഞ്ഞുകവിഞ്ഞിരുന്നു.

കളി കാണാനെത്തിയവരെ ഗ്രൗണ്ടിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ സംഘർഷമുണ്ടാവുമെന്ന ഭയന്ന് സംഘാടകർ മുഴുവൻ ആളുകളെയും ടിക്കറ്റ് നൽകി ഗ്രൗണ്ടിലേക്ക് കയറ്റുകയായിരുന്നു. ഒഴിവായത് വൻ അപകടമാണെന്ന് പരിക്കേറ്റവർ പറഞ്ഞു. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലുംപെട്ടും നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

50 ലധികം പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മറ്റുള്ളവരെ നിലമ്പൂർ താലൂക്ക് ആശുപത്രിയിലും, വണ്ടൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. വണ്ടൂർ എംഎൽഎ എ.പി അനിൽകുമാർ, മുതിർന്ന പോലീസുദ്യോഗസ്ഥർ തുടങ്ങിയവർ സംഭവസ്ഥലവും ആശുപത്രിയും സന്ദർശിച്ചു. മത്സരത്തിന് അനുവാദം വാങ്ങിയിരുന്നെങ്കിലും നിയമ ലംഘനം നടന്ന സാഹചര്യത്തിൽ സംഘാടകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

 

https://www.facebook.com/JaihindNewsChannel/videos/725046968518094