ഭക്ഷണസാധനങ്ങള്‍ ശുചിമുറിയില്‍ സൂക്ഷിച്ച സംഭവം: കണ്ണൂരിലെ ഹോട്ടല്‍ അടച്ചുപൂട്ടി; ഹോട്ടലുടമ അടക്കം മൂന്ന് പേർ അറസ്റ്റില്‍

Jaihind Webdesk
Monday, May 16, 2022

കണ്ണൂർ : ഭക്ഷണസാധനങ്ങൾ ശുചിമുറിയിൽ സൂക്ഷിച്ചെന്ന പരാതി ഉയർന്ന കണ്ണൂർ പിലാത്തറയിലെ കെ.സി ഹോട്ടൽ അടച്ചുപൂട്ടി. ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ദേശീയ പാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന കെ.സി ഹോട്ടൽ അടച്ചു പൂട്ടിയത്. ഇവിടെനിന്നും പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു. ദൃശ്യങ്ങൾ പകർത്തിയ കാസർഗോഡ് സ്വദേശിയായ ഡോക്ടറെ മർദ്ദിച്ച കേസിൽ ഹോട്ടൽ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിലായി.

കണ്ണൂർ പിലാത്തറയിലെ ഹോട്ടലിലെ ശുചി മുറിയിൽ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്‍റെ ദൃശ്യങ്ങൾ പകർത്തിയ കാസർഗോഡ് സ്വദേശിയായ ഡോക്ടർ സുബ്ബറായക്കും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നവർക്കുമാണ് മർദ്ദനമേറ്റത്. ഹോട്ടലിലെ ഭക്ഷ്യവസ്തുക്കൾ ശുചിമുറിയിൽ സൂക്ഷിച്ച ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനെ തുടർന്നുണ്ടായ തർക്കത്തിന് ഇടയിലാണ് മർദ്ദനമേറ്റത്. ഡോക്ടറുടെ പരാതിയെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടൽ ഉടമയുടക്കം മൂന്ന് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.

ഭക്ഷണസാധനങ്ങൾ ശുചിമുറിയിൽ സൂക്ഷിച്ചന്ന പരാതി ഉയർന്നതോടെ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ സംയുക്ത പരിശോധന നടത്തി. തുടർന്നാണ് ദേശീയ പാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന കെ.സി ഹോട്ടൽ അടച്ചുപൂട്ടിയത്. ഇവിടെ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു. ഹോട്ടലിന്‍റെ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്തു.