ഭക്ഷ്യവിഷബാധ: ഹോട്ടലിന് വീണ്ടും പ്രവർത്തിക്കാന്‍ അനുമതി നല്‍കിയ നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെന്‍ഷന്‍

Jaihind Webdesk
Wednesday, January 4, 2023

 

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടൽ പാർക്കിന് വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയതിനെ തുടർന്നാണ് നഗരസഭയുടെ നടപടി. അതിനിടെ ജില്ലയിലെ ഭക്ഷ്യ വിതരണ ശാലകളിലെല്ലാം കർശന പരിശോധനയ്ക്ക് ഒരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്.

കഴിഞ്ഞമാസം 29 -ാം തീയതി കോട്ടയം സംക്രാന്തിയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പാർക്കിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ 21 പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു . കിളിരൂർ സ്വദേശിനി രശ്മി ഭക്ഷ്യവിഷബാധ ഉണ്ടായതിന് തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചിരുന്നു. രശ്മിയുടെ മരണത്തിന് പിന്നാലെ നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ നഗരസഭ സസ്പെൻഡ് ചെയ്തു. സംക്രാന്തിയിലെ ഹോട്ടൽ പാർക്കിനെതിരെ ഗുരുതര പരാതികൾ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധനയിൽ ഹോട്ടലിന്‍റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഗുരുതര വീഴ്ചകൾ ഉണ്ടായിട്ടും ഈ ഹോട്ടലിന് പ്രവർത്തനാനുമതി നൽകിയതിനെ തുടർന്നാണ് ഹെൽത്ത് സൂപ്പർവൈസറെ നഗരസഭ സസ്പെൻഡ് ചെയ്തത്.

അതേസമയം ജില്ലയിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ കർശന പരിശോധനയ്ക്കായി പ്രത്യേക കലണ്ടർ തയാറാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചു. ഇന്നു മുതൽ മത്സ്യത്തിലെ മായം കണ്ടെത്താൻ ‘ഓപ്പറേഷൻ മത്സ്യ’ ശർക്കരയിലെ മായം കണ്ടത്താൻ ‘ഓപ്പറേഷൻ ജാഗറി’ എന്നിവയും ആരംഭിക്കും. വെളിച്ചെണ്ണ, കറിപ്പൊടി, പാൽ തുടങ്ങിയവ പ്രത്യേകമായി പരിശോധിക്കും. മാർക്കറ്റുകൾ, ഭക്ഷ്യനിർമ്മാണ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.