പുഴുവരിച്ച അരിയും പയറുവർഗങ്ങളും: അങ്കണവാടിയിലും സ്കൂളിലും ഭക്ഷ്യവിഷബാധ; മുപ്പതോളം കുട്ടികള്‍ ചികിത്സയില്‍

 

കൊല്ലം: കൊട്ടാരക്കരയിലെ അങ്കണവാടിയിലും കായംകുളത്ത് സ്കൂളിലും ഭക്ഷ്യവിഷബാധയെ തുടർന്ന് മുപ്പതോളം കുട്ടികൾ ചികിത്സ തേടി. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ കൊട്ടാരക്കരയിലെ അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരിയും പയറുവർഗങ്ങളും കണ്ടെത്തി.

കൊട്ടാരക്കര നഗരസഭ യുടെ ഇരുപതാം ഡിവിഷനിലെ കല്ലുവാതുക്കൽ അങ്കണവാടിയിലാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പത്ത് കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ഇതേ തുടർന്ന് അങ്കണവാടിയിൽ നടത്തിയ പരിശോധനയിൽ പുഴുവരിച്ച അരിയും പയറുവർഗങ്ങളും കണ്ടെത്തി. കുറ്റക്കാർക്കാതെതിരെ കർശന നടപടി വേണമെന്ന് രക്ഷിതാക്കും നാട്ടുകാരും ആവശ്യപ്പെട്ടു.

കായംകുളത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. 20 കുട്ടികൾ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കായംകുളം പുത്തൻ റോഡ് ടൗൺ യു.പി സ്കൂളിൽ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

ഇതിനിടെ മെസിലെ ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായെന്നാരോപിച്ച് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധ സമരം നടത്തി. മികച്ച ഭക്ഷണം നൽകണം എന്ന് ആവശ്യപ്പെട്ടാണ് മെഡിക്കൽ വിദ്യാർത്ഥികൾ കോളേജിൽ പ്രതിഷേധിച്ചത്.

Comments (0)
Add Comment