മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ? അഞ്ചു പേര്‍ക്ക് വയറിളക്കം

Jaihind News Bureau
Sunday, May 18, 2025

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ശാരീരികാസ്വസ്ഥതകളുണ്ടായ സംഭവത്തില്‍ ഭക്ഷ്യവിഷബാധയാണോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ലെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ യു അനുജ അറിയിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ആശങ്ക വേണ്ടെന്നും ഡോ അനുജ അറിയിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അഞ്ചു വിദ്യാര്‍ത്ഥിനികള്‍ വയറിളക്ക രോഗത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ കണ്ടെത്തിയെങ്കിലും അവര്‍ക്കാര്‍ക്കും ചികിത്സ തേടേണ്ട വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല.
600-ലധികം വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിനു പുറമേ വിദ്യാര്‍ത്ഥിനികള്‍ നേരിട്ട് പുറത്തു പോയി കഴിക്കാറുമുണ്ട്. ഭക്ഷ്യവിഷബാധയാണെങ്കില്‍ തന്നെ ഹോസ്റ്റലില്‍ പാകം ചെയ്ത ഭക്ഷണം കഴിച്ചപ്പോഴാണോ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും വ്യക്തമല്ല. ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹോസ്റ്റലില്‍ പരിശോധന നടത്തി ഭക്ഷണം തയ്യാറാക്കുന്നതിലും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിലും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഫുഡ് സേഫ്റ്റി, മൈക്രോ ബയോളജി, ഹൗസ് കീപ്പിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായി ഡോ അനുജ അറിയിച്ചു.