വിശക്കുന്നവര്‍ക്ക് ഭക്ഷണം, വിമാന ടിക്കറ്റ്, മരുന്ന്, കൊവിഡ് പരിശോധന : യു.എ.ഇയില്‍ ഇന്‍കാസിന്‍റെ കൊവിഡ് സേവനങ്ങള്‍ക്ക് തിളക്കമേറി ; ആശ്വാസമായത് ആയിരങ്ങള്‍ക്ക് 

Jaihind News Bureau
Wednesday, August 5, 2020

 

ദുബായ് :  യു.എ.ഇയില്‍ കൊവിഡുമായി ബന്ധപ്പെട്ട് ഇന്‍കാസ് ഷാര്‍ജ ഏര്‍പ്പെടുത്തിയ വിശക്കുന്നവര്‍ക്ക് ഭക്ഷണം എന്ന ജനകീയ ക്യാംപെയ്ന്‍ ആറാം മാസത്തിലേക്ക് കടന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം തുടങ്ങിയ ഭക്ഷണ വിതരണമാണിത്.  ഒരുദിവസം 14 പേര്‍ക്ക് ഭക്ഷണം പാചകം ചെയ്ത് തുടങ്ങിയ പരിപാടി ജൂലൈ വരെ 1300 പേര്‍ക്ക് എന്ന രീതിയില്‍ നല്‍കി. നിലവില്‍ ദിവസം ഇരുന്നൂറ് പേര്‍ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നുണ്ടെന്ന് ഷാര്‍ജ ഇന്‍കാസ് പ്രസിഡന്‍റ് അഡ്വ. വൈ.എ റഹീം, വര്‍ക്കിംഗ് പ്രസിഡന്‍റ് ബിജു അബ്രാഹം എന്നിവര്‍ പറഞ്ഞു. കൂടാതെ ഭക്ഷണം പാചകം ചെയ്യാന്‍ സൗകര്യമുള്ളവര്‍ക്ക് പല വ്യജ്ഞനങ്ങള്‍ അടങ്ങിയ കിറ്റുകളും നല്‍കി വരുന്നു. ‘വിശന്നിരിക്കേണ്ട, ഇന്‍കാസ് കൂടെയുണ്ട്’ എന്ന പദ്ധതിയുടെ ഭാഗമായാണിത്.

‘മൃതസഞ്ജീവന്‍’ പദ്ധതി മുന്നേറുന്നു

നാട്ടില്‍ നിന്ന് മരുന്ന് യു.എ.ഇയില്‍ എത്തിച്ചുകൊടുക്കുന്ന മൃതസഞ്ജീവന്‍ പദ്ധതിയും ഇതോടൊപ്പം വിജയകരമായി മുന്നേറുന്നു. പി.ആര്‍ പ്രകാശന്‍റെ നേതൃത്വത്തിലുള്ള ഈ പദ്ധതി മൂന്നാം ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. അനുറാ മത്തായി,  മുനീര്‍ കുമ്പള എന്നിവരും ഇതിന് നേതൃത്വം നല്‍കുന്നു.

‘ഫ്‌ളൈ വിത്ത് ഇന്‍കാസ്’ സമാപന ഘട്ടത്തില്‍  

കൊവിഡ് കാലത്ത് നാട്ടില്‍ പോകാന്‍ വിമാന ടിക്കറ്റിന് പണം ഇല്ലാത്തവര്‍ക്ക് വേണ്ടി തുടങ്ങിയ ‘ഫ്‌ളൈ വിത്ത് ഇന്‍കാസ്’ എന്ന മറ്റൊരു ജനകീയ പദ്ധതിയും അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്ന് യു.എ.ഇ ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്‍റ് ടി.എ രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ പറഞ്ഞു. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍റെ സഹകരണത്തോടെയാണിത്. റാസല്‍ഖൈമ ഇന്‍കാസ് പ്രസിഡന്‍റും റാസല്‍ഖൈമ അസോസിയേഷന്‍ പ്രസിഡന്‍റുമായ എസ്.എ സലീമാണ് ഇതിന് നേതൃത്വം നല്‍കിയത്.

പതിനായിരം പേര്‍ക്ക് കൊവിഡ് പരിശോധന

യു.എ.ഇയില്‍ പതിനായിരം പേര്‍ക്ക് കൊവിഡ് പരിശോധന നല്‍കുക എന്ന മറ്റൊരു പദ്ധതിയും വിജയകരമായി നടപ്പാക്കാന്‍ സാധിച്ചെന്ന് ഇന്‍കാസ് നേതൃത്വം അറിയിച്ചു. നേരത്തെ ഇന്‍കാസിന്‍റെ നിരവധി വളണ്ടിയര്‍മാര്‍ രാജ്യമെങ്ങും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിരുന്നു. ഇപ്രകാരം കൊവിഡ് കാലത്ത് യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലും മറ്റുമായി നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഇന്‍കാസിന് ലഭിച്ച പുത്തന്‍ ഊര്‍ജത്തിന്‍റെ ആവേശത്തിലാണ് അണികള്‍.