കൊച്ചി: കൊച്ചിയെ ഒട്ടാകെ പുകയിലാഴ്ത്തി ബ്രഹ്മപുരം മാലിന്യ പ്ലാൻറിലുണ്ടായ തീപിടിത്തം. വൈറ്റില, തൃപ്പുണിത്തുറ, ഇരുമ്പനം മേഖലകളിലാണ് പുക മൂടിയിരിക്കുന്നത്. തീപിടിത്തമുണ്ടായ മാലിന്യ പ്ലാൻറിൽ ജില്ലാ കലക്ടർ സന്ദർശനം നടത്തിയിരുന്നു.ഇന്നലെ രാത്രി വൈകിയും പുകശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. മണിക്കൂറുകളോളം റോഡ് ഉപരോധിച്ചായിരുന്നു സമരം. പുകശല്യമുള്ള ഇടങ്ങളിൽ പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുകയാണ്. ഇപ്പോഴും തീപിടിത്തം പൂർണമായി നിയന്ത്രണ വിധേയമായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിച്ച് ഉണ്ടായ പുകയിൽ നിന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജില്ലയിലെ ആരോഗ്യ വകുപ്പ് ശ്രദ്ധ പുലർത്തുന്നുണ്ട്. പുകശല്യം രൂക്ഷമായ 23ന് രാവിലെ തന്നെ ആംബുലൻസ് ഉൾപ്പെടെ എറണാകുളം ജനറൽ ആശുപത്രിയിലെ ആർ.ആർ.ടി ടീമിന്റെ സേവനം പ്രദേശത്ത് ഉറപ്പ് വരുത്തിയിരുന്നു. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രം, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി എന്നീ സ്ഥാപനങ്ങളിൽ നിന്നും മൊബൈൽ മെഡിക്കൽ ടീമിനെ ബ്രഹ്മപുരത്ത് നിയോഗിച്ചു. നെബുലൈസർ, ഓക്സിജൻ സിലിണ്ടർ മറ്റ് അവശ്യമരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. കൂടാതെ നെട്ടൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ ടീം കുണ്ടന്നൂർ, മരട് പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
അടിയന്തിര സാഹചര്യം ഉണ്ടായാൽ നേരിടാനായി ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം 3 ദിവസത്തേക്ക് വൈറ്റില ഹബ്ബ്, ബ്രഹ്മപുരം പ്ലാന്റ് പരിസരം എന്നി വിടങ്ങളിൽ ആംബുലൻസ് ഉൾപ്പെടയുള്ള മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രം, കാക്കനാട് കുടംബാരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങൾക്ക് അതീവ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.”,