കാസർഗോഡ് കോണ്‍ഗ്രസിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്; തിരിച്ചെത്തുന്നത് എണ്ണായിരത്തോളം പ്രവർത്തകര്‍, ഒപ്പം പഞ്ചായത്ത് ഭരണവും

Jaihind Webdesk
Tuesday, November 15, 2022

 

കാസര്‍ഗോഡ്: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി കാസർഗോഡ് മടങ്ങിയെത്തുന്നത് ആറായിരത്തിലേറെ പ്രവർത്തകർ. എളേരി പഞ്ചായത്തിന്‍റെ ഭരണം കയ്യാളുന്ന ഡിഡിഎഫ് ആണ് മാതൃപ്രസ്ഥാനത്തിലേക്ക് മടങ്ങിയെത്തുന്നത്. ഡിഡിഎഫ് പാർട്ടി-കോണ്‍ഗ്രസ് ലയനസമ്മേളനം നവംബർ 20ന് ചിറ്റാരിക്കാല്‍ ടൗണില്‍ നടക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

കാസര്‍ഗോഡ് ജില്ലയിലെ എളേരി ഗ്രാമപഞ്ചായത്തിന്‍റെ ഭരണം കയ്യാളുന്ന പാര്‍ട്ടിയാണ് ഡിഡിഎഫ്. 2012 ല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രവര്‍ത്തകര്‍ രൂപീകരിച്ചതാണ് ഡിഡിഎഫ്. തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ ഡിഡിഎഫ് എന്ന ജനകീയ വികസന മുന്നണി എളേരി ഗ്രാമപഞ്ചായത്തിന്‍റെ ഭരണം പിടിച്ചു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയാണ്.

കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് കെ സുധാകരന്‍ എം പി പ്രവര്‍ത്തകരെ സ്വീകരിച്ചു. വിട്ടുപോയതൊക്കെ തിരിച്ചുവരാനുള്ള തുടക്കമാണ് ഇതെന്ന് കെ സുധാകരന്‍ എം.പി പ്രതികരിച്ചു. തിരിച്ചുവരവ് വലിയ സന്തോഷം എന്ന് ഡിഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. നവംബർ 20ന് ചിറ്റാരിക്കാല്‍ ടൌണില്‍ നടക്കുന്ന പരിപാടിയില്‍ ഔദ്യോഗികമായി കോണ്‍ഗ്രസ്-ഡിഡിഎഫ് ലയനം നടക്കും. ഡിഡിഎഫിലെ 8000 ത്തിലധികം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരും.