Pakistan Flood| പാകിസ്താനില്‍ പ്രളയക്കെടുതി: കനത്ത മഴയില്‍ 300-ല്‍ അധികം മരണം, റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു

Jaihind News Bureau
Saturday, August 16, 2025

പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 300 കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച മാത്രം 200-ലധികം ആളുകളാണ് പ്രളയത്തില്‍ മരിച്ചത്. പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി വക്താവ് ഫൈസി പറയുന്നതനുസരിച്ച്, ബുണീര്‍, സ്വാത്, മന്‍സേഹ്‌റ, ഷാംഗ്ല, ബജൗര്‍, ടോര്‍ഘര്‍, ബട്ടാഗ്രാം തുടങ്ങിയ ജില്ലകളിലുണ്ടായ കനത്ത മഴ, മേഘവിസ്‌ഫോടനം, മിന്നല്‍ പ്രളയം എന്നിവയാണ് ഇത്രയധികം മരണങ്ങള്‍ക്ക് കാരണമായത്.

പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം, 307 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബുണീറിലാണ്, ഇവിടെ 184 പേര്‍ മരിച്ചു. ഷാംഗ്ലയില്‍ 36 പേരും മന്‍സേഹ്‌റയില്‍ 23 പേരും സ്വാത്തില്‍ 22 പേരും ബജൗറില്‍ 21 പേരും ബട്ടാഗ്രാമില്‍ 15 പേരും ലോവര്‍ ദിറില്‍ അഞ്ച് പേരും മരിച്ചു. അബോട്ടാബാദില്‍ ഒരു കുട്ടിയും മുങ്ങിമരിച്ചു.

മണ്‍സൂണ്‍ കാലം ആരംഭിച്ച ജൂണ്‍ അവസാനം മുതല്‍ കനത്ത മഴ പാകിസ്താനില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. പ്രത്യേകിച്ച് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും വടക്കന്‍ മേഖലകളിലും പ്രളയവും മണ്ണിടിച്ചിലും കാരണം നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് വെള്ളിയാഴ്ച ദുരന്ത നിവാരണ അതോറിറ്റി വക്താവ് അറിയിച്ചിരുന്നു. ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.