പ്രളയ ഫണ്ട് തട്ടിപ്പ്: പ്രതികള്‍ എത്ര രൂപയാണ് തട്ടിച്ചതെന്ന കൃത്യമായ കണക്ക് വെളിപ്പെടുത്തണം: വി.ഡി സതീശന്‍

 

സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പിൽ പ്രതികള്‍ യഥാർത്ഥത്തിൽ എത്ര രൂപയാണ് തട്ടിച്ചതെന്ന് അന്വേഷണ സംഘമോ ജില്ലാ ഭരണകൂടമോ വെളിപ്പെടുത്തണമെന്ന് വി.ഡി സതീശന്‍ എംഎല്‍എ. കളക്ടറേറ്റിൽ നിന്ന് സ്ലാബ് തെറ്റി ദുരിതാശ്വാസം പ്രളയ ബാധിതർക്ക് അയയ്ക്കുകയാണ് ചെയ്തത്. ഇത് 8.15 കോടിയോളം രൂപ വരും. ഇതിൽ എത്രയാണ് ആളുകൾ തിരിച്ചടച്ചതെന്നും അതിൽ നിന്ന് എത്രയാണ് തട്ടിപ്പുസംഘം ചോർത്തിയതെന്നും കൃത്യമായ കണക്കില്ല. തിരിച്ചടച്ചത് പണമായും ചെക്കുകളായുമാണ്. പ്രതികൾ പണവും മാറ്റിയിട്ടുണ്ട്. ചെക്കും മാറിയെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച തെളിവുകൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികൾ ജാമ്യത്തിലിറങ്ങിയ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒളിവിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കേസന്വേഷണത്തിൽ നിർണായകമാണ്. എന്നാൽ സി.പി.എം ജില്ലാ നേതൃത്വം പ്രതികളെ ഒളിപ്പിച്ചിരിക്കുന്നതിനാൽ അവരെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിനാവുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം മുന്നോട്ടുപോയില്ലെങ്കിൽ ഈ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുമെന്നും  വി.ഡി സതീശന്‍ പറഞ്ഞു.

 

Comments (0)
Add Comment