പ്രളയഫണ്ടില്‍ നിന്ന് തട്ടിയത് കോടികള്‍; തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പി.ടി തോമസ്

Jaihind News Bureau
Thursday, March 18, 2021

കൊച്ചി : പ്രളയ ഫണ്ട് തട്ടിപ്പിലെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവരുമെന്ന് തൃക്കാക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി തോമസ്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തൃക്കാക്കരയിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി അഴിമതി വിരുദ്ധ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയ ഫണ്ടിൽ നിന്നും പതിനാലര കോടി രൂപയുടെ തട്ടിപ്പാണ് തൃക്കാക്കര നിയോജക മണ്ഡലത്തിൽ മാത്രം നടന്നിരിക്കുന്നതെന്ന് പി.ടി തോമസ് പറഞ്ഞു. ജനങ്ങളുടെ പണം തട്ടിയെടുത്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. മഹാത്മാ ഗാന്ധിയുടെ ഓർമ്മകൾ നിലകൊള്ളുന്ന കടവന്ത്ര ചെറുപറമ്പത്ത് വീട്ടിൽ നിന്നും ഗാന്ധി സ്മൃതി അഴിമതി വിരുദ്ധ യാത്ര
ആരംഭിച്ചു. 1925 ൽ ഗാന്ധിജി വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ചെറുപറമ്പത്ത് വീട്ടിൽ താമസിച്ചു എന്നാണ് ചരിത്രം. സിനിമാ താരം രമേശ് പിഷാരടി യാത്ര ഉദ്ഘാടനം ചെയ്തു.

കടവന്ത്രയിൽ നിന്നും ആരംഭിച്ച ഗാന്ധി സ്മൃതി അഴിമതി വിരുദ്ധ യാത്ര വൈറ്റില, തമ്മനം, പാലാരിവട്ടം, ഇടപ്പള്ളി, ആലിൻ ചുവട് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കാക്കനാട് ഐ.എം.ജി ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സമാപിച്ചു.