പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ ഉദ്യോഗസ്ഥരുടെ ഗുരുതരവീഴ്ച ചൂണ്ടിക്കാട്ടി കളക്ടറുടെ റിപ്പോര്‍ട്ട്

Jaihind News Bureau
Wednesday, June 10, 2020

 

സിപിഎം നേതാക്കള്‍ പ്രതികളായ കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ ഗുരുതരവീഴ്ച ചൂണ്ടിക്കാട്ടി കളക്ടറുടെ റിപ്പോര്‍ട്ട്. മുഖ്യപ്രതി വിഷ്ണു പ്രസാദിന് ഒന്നരക്കോടി രൂപയുടെ സ്വത്തുണ്ടെന്നും ഉടന്‍ കണ്ടുകെട്ടണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. അതിനിടെ, ഒളിവിൽ കഴിയുന്ന സിപിഎം പ്രാദേശിക നേതാവും ഭാര്യയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം നൽകി.

പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ  മുഖ്യപ്രതി വിഷ്ണു പ്രസാദ് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട തുക പാര്‍ട്ടിനേതാക്കളും കളക്ടറേറ്റിലെ  ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തില്‍ ജീവനക്കാരുടെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ എസ് . സുഹാസ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുഖ്യപ്രതിയായ പ്രളയദുരിതാശ്വാസ സെല്ലിലെ ജീവനക്കാരന്‍ വിഷ്ണു പ്രസാദ് കോടികണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇയാളുടെ കൈവശം  ഒന്നരകോടി രൂപയുടെ സ്വത്തുണ്ടെന്നും അത് ഉടന്‍ കണ്ടുകെട്ടണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രളയദുരിതാശ്വാസ തുക കൈമാറ്റവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ പല രേഖകളും മുക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മറ്റ് ഉദ്യോഗസഥര്‍ക്കും ബന്ധമുണ്ടെന്ന് തന്നെയാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുന്നുത്.
കളക്ടറേറ്റിലെത്തിയ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് ജില്ലാ കളക്ടർ റിപ്പോര്‍ട്ട് കൈമാറും. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത വിഷ്ണു പ്രസാദിനെ തെളിവെടുപ്പിനായി വീണ്ടും രാവിലെ കലക്ടറേറ്റില്‍ എത്തിച്ചു. അതിനിടെ  പ്രളയഫണ്ട് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന സിപിഎം പ്രാദേശിക നേതാവും, ഭാര്യയും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽകമ്മിറ്റി അംഗം എം.എം. അൻവർ, ഭാര്യയും അയ്യനാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ കൗലത്ത് എന്നിവരോടാണ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ജസ്റ്റിസ് സുനിൽ തോമസ് നിർദേശിച്ചത്. പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ അൻവറും, ഭാര്യയും കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിലേറെെയായി ഇവർ ഒളിവിലാണ്.