പ്രളയഫണ്ട് തട്ടിപ്പ്:വിഷ്ണുപ്രസാദ് തട്ടിയെടുത്തത് 67,78,000 രൂപ ; രണ്ടാമത്തെ കേസില്‍ കുറ്റപത്രം സമർപ്പിച്ചു

Jaihind News Bureau
Thursday, August 27, 2020

 

കൊച്ചി:  പ്രളയഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻജിഒ യൂണിയൻ നേതാവും  കളക്ടറേറ്റ് ജീവനക്കാരനുമായ വിഷ്ണു പ്രസാദ് പ്രതിയായ രണ്ടാമത്തെ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 67,78,000 രൂപ വിഷ്ണുപ്രസാദ് തട്ടിയെടുത്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. അതേസമയം ആദ്യ കേസിൽ ക്രൈംബ്രാഞ്ച് ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

പ്രളയഫണ്ട് തട്ടിപ്പിൽ ക്രൈബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലെ കുറ്റപത്രമാണ്  മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. 2018ലെ പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 67,78,000 രൂപ കാണാനില്ലെന്നാനായിരുന്നു പരാതി. വിഷണുപ്രസാദ് മുഖ്യപ്രതിയായ ഈ കേസിൽ 588 പേജുകളുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടുള്ളത്. വിഷ്ണു പ്രസാദ്  67,78,000 രൂപ പ്രളയ ഫണ്ടിൽ നിന്നും തട്ടിയെടുത്തതെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ തുക കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചു.

തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗങ്ങളായിരുന്ന എം.എം.അന്‍വര്‍, എന്‍.എന്‍ നിധിന്‍, വിഷ്ണുപ്രസാദ് തുടങ്ങി ഏഴ് പ്രതികളാണ് പിടിയിലായത്. വിഷ്ണുപ്രസാദ് ഒഴികെ എല്ലാ പ്രതികളും ജാമ്യത്തില്‍ പുറത്തിറങ്ങി. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 28 ലക്ഷം രൂപ വിഷ്ണുപ്രസാദിന്‍റെയും സിപിഎം നേതാക്കളുടെയും മറ്റ് ചിലരുടേയും അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.