പ്രളയം ദുരന്തം വിതച്ച ഇടുക്കിയില്‍ റവന്യൂ-ബാങ്ക് റിക്കവറിയുമായി സര്‍ക്കാര്‍; കാര്‍ഷിക മേഖലയ്ക്ക് പിന്നാലെ വ്യാപാര-ടൂറിസം മേഖലയും രൂക്ഷമായ പ്രതിസന്ധിയില്‍

Jaihind Webdesk
Tuesday, March 5, 2019

ഇടുക്കിയിൽ കർഷക ആത്മഹത്യക്ക് പിന്നാലെ വ്യാപാര ടൂറിസം മേഖലയിലും പ്രതിസന്ധി രൂക്ഷം. റവന്യു റിക്കവറിയിലും ബാങ്ക് റിക്കവറിയിലും വ്യാപൃതരായി സർക്കാർ വകുപ്പുകൾ എത്തിയതോടെ മനംനൊന്ത ഉരുകുകയാണ് ഇടുക്കിയിലെ ജനസമൂഹത്തിന്.

കടക്കെണി മൂലം കർഷക ആത്മഹത്യക്ക് പിന്നാലെ വ്യാപാര ടൂറിസം മേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. പ്രളയത്തിന് ശേഷം മോറോട്ടോറിയം സർക്കാർ പ്രഖ്യാപിച്ചെങ്കിലും സർക്കാർ വകുപ്പിലെ റവന്യു ഉദ്യോഗസ്ഥർ റിക്കവറി തിരക്കിലാണ്. ഇതിനിടെയാണ് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കെട്ടിട നികുതിക്കായും സർക്കാർ ഉദ്യോഗസ്ഥർ വീടുകളിലെത്തി ഭീഷണിയും തുടരുന്നത്.

അതേസമയം സിപിഎം ഭരണത്തിലിരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്നുമാണ് ജപ്തി നടപടികൾ തുടങ്ങാനായി നോട്ടീസുകൾ അയച്ചു തുടങ്ങിയത്. ബാങ്കുകളിൽ അദാലത്തുകൾ നടത്തുന്നുണ്ടെങ്കിലും ഇവ പ്രഹസനമാകുകയാണ്. പ്രതിസന്ധി രൂക്ഷമായ ജില്ലയിൽ മന്ത്രിമാരോ സർക്കാർ വകുപ്പുകളോ എത്തുന്നില്ലായെന്ന ആക്ഷേപം ശക്തമാണ്.

തേക്കടി, മൂന്നാർ തുടങ്ങിയ ടൂറിസം മേഖലകളിൽ പ്രതിസന്ധിയെ തുടർന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. വരുംദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. അടിയന്തിരമായി ജപ്തി നടപടികൾ നിർത്തിവക്കാൻ സർക്കാർ വകുപ്പുകൾ ഇടപെടണം. പ്രളയത്തെ തുടർന്ന് ലഭിച്ച കോടികളുടെ കണക്കുകൾ പുറത്ത് വിടണമെന്നും. കർഷകരുടെ ദുരിതാശ്വാസത്തിനായി ഫണ്ട് വിനിയോഗിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്