പ്രളയദുരിതം നേരിട്ടവര്‍ക്ക് ഓണത്തിനും വറുതികാലം; അടിയന്തര ധനസഹായമായ പതിനായിരം രൂപ ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ് വാക്കാകുന്നു; പ്രളയബാധിതരിൽ പകുതിയിലേറെ പേര്‍ക്കും സഹായം കിട്ടിയില്ല

Jaihind News Bureau
Tuesday, September 10, 2019

പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ പതിനായിരം രൂപ ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ് വാക്കാകുമ്പോള്‍ പ്രളയദുരിതം നേരിട്ടവര്‍ക്ക് ഓണവും വറുതിക്കാലമാകുന്നു. പ്രളയബാധിതരിൽ പകുതിയിലേറെ പേര്‍ക്കും ഇതുവരെയും സഹായം ലഭിച്ചിട്ടില്ല. പ്രളയത്തിൽ വീടും വസ്തുവകകളും നഷ്ടമായവരാണ് ഓണക്കാലത്തും ദുരിതത്തിൽ നിന്ന് കരയറാനാകാതെ നിൽക്കുന്നത്. ജില്ലകളില്‍ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടിക ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയും കമ്മീഷണറുടെ അംഗീകാരത്തോടെ ദുരിത ബാധിതരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കുകയുമാണ് ചെയ്യുന്നത്. അര്‍ഹരായവര്‍ക്ക് വേഗത്തില്‍ സഹായമെത്തിക്കാനാണ് ഈ രീതിയിലൂടെ ലക്ഷ്യമിട്ടതെങ്കിലും ഈ നീക്കം വിജയം കണ്ടില്ലെന്നാണ് താഴെ തട്ടിലെ അനുഭവം. ഓണാവധിയായതിനാല്‍ അടുത്തയാഴ്ച മുതലേ ഇനി സഹായ വിതരണം ആരംഭിക്കാനുമാകൂ

പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളില്‍ പകുതിയോളം പേര്‍ക്ക് മാത്രമാണ് ഇതുവരെ അടിയന്തര സഹായമായ പതിനായിരം രൂപ നല്‍കിയിട്ടുളളൂ. ബാക്കിയുള്ളവരുടെ ബാങ്ക് രേഖകളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും അതുകൊണ്ടാണ് സഹായവിതരണം വൈകുന്നതെന്നുമാണ് ദുരന്ത നിവാരണ വകുപ്പിന്‍റെ വിശദീകരണം. ഓഗസ്റ്റ് 14 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കാലവര്‍ഷക്കെടുതി ഇരകൾക്ക് അടിയന്തര സഹായമെന്ന നിലയിൽ 10000 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചത്. സഹായവിതരണം സെപ്തംബര്‍ ഏഴിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച് ദുരന്ത നിവാരണ വകുപ്പ് ഓഗസ്റ്റ് 23ന് ഉത്തരവും ഇറക്കി.

ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവര്‍ക്ക് മറ്റു പരിശോധന കൂടാതെ തന്നെ പണം നല്‍കാനും ക്യാമ്പിൽ എത്താത്തവരുടെ കാര്യത്തില്‍ സൂക്ഷ്മപരിശോധന നടത്തിയ പണം നല്‍കാനുമായിരുന്നു തീരുമാനം. എന്നാല്‍ ക്യാമ്പുകളിൽ എത്തിയ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളില്‍ 52000 കുടുംബങ്ങള്‍ക്കേ സഹായം നല്‍കിയിട്ടുളളൂ. അക്കൗണ്ട് നമ്പര്‍ അടക്കമുളള വിവരങ്ങള്‍ കിട്ടാന്‍ വൈകിയെന്ന ഉദ്യോഗസ്ഥരുടെ വാദം ദുരിതബാധിതര്‍ തള്ളുകയാണ്.