മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ സിപിഎമ്മിന് നല്‍കിയ പരാതി പുറത്തുവിട്ട് പി.വി.അന്‍വര്‍ എംഎല്‍എ. ശശിക്കെതിരെ ലൈംഗിക ആരോപണങ്ങളും അന്‍വര്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ശശി വിലയ സാമ്പത്തിക തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ നമ്പര്‍ വാങ്ങി വെക്കുന്നുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങള്‍ പരാതിയില്‍ ആരോപിച്ചിരുന്നു.
ഇങ്ങനെ നമ്പര്‍ വാങ്ങിവെക്കുന്നവരില്‍ ചിലരോട് ശശി ശൃംഗാരഭാവത്തില്‍ സംസാരിക്കും. ഇവരുടെ നമ്പര്‍ കൈക്കലാക്കിയ ശേഷം കേസന്വേഷണത്തിന്റെ പേരില്‍ എന്ന വ്യാജേന ഫോണില്‍ ബന്ധപ്പെടുമെന്നും ശശിക്കെതിരെ നല്‍കിയ പരാതിയില്‍ അന്‍വര്‍ പറയുന്നുണ്ട്. ശശി വലിയ കച്ചവടക്കാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെട്ട് ലക്ഷങ്ങള്‍ പാരിതോഷികം വാങ്ങുന്നുവെന്നും പരാതിയില്‍ അന്‍വര്‍ ഉന്നയിച്ചിട്ടുണ്ട്.
ഇന്നലെ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ താന്‍ പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെകുറിച്ച് ഒരു പരാതിയും നല്‍കിയിട്ടില്ലെന്ന് സിപിഐഎം പ്രതിനിധി അഡ്വ: അനില്‍ കുമാര്‍ നടത്തിയ പ്രസ്താവന പൊതുസമൂഹത്തിനിടയില്‍ തനിക്ക് വലിയ മാനഹാനി ഉണ്ടാക്കിയിരിക്കുകയാണെന്നും തല്‍ക്കാലം പുറത്തുവിടണ്ട എന്ന് ഉദ്ദേശിച്ചിരുന്ന പരാതി ഇപ്പോള്‍ തന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തുവിടകയാണെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് എംഎല്‍എ പരാതി പുറത്തുവിട്ടത്.
അതേസമയം പി വി അന്‍വര്‍ അടക്കം ഉയര്‍ത്തിയ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പാര്‍ട്ടിയുമായി ആലോചിച്ച് അന്‍വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി പ്രതികരിച്ചു. അന്‍വറിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയും. പാര്‍ട്ടിയും മുഖ്യമന്ത്രിയും പറയുന്നതിന് അപ്പുറം വ്യക്തിപരമായി ഒന്നും പറയാനില്ലെന്നും ശശിയുടെ വിശദീകരിച്ചു.