അബുദാബിയില്‍ എയര്‍ഇന്ത്യ എക്സ്പ്രസിന് തകരാര്‍: അബുദാബി- കോഴിക്കോട് വിമാനയാത്രക്കാര്‍ കുടുങ്ങി

B.S. Shiju
Friday, December 21, 2018

അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം സര്‍വീസ് മുടങ്ങിയതോടെ, 185 യാത്രക്കാര്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയതായി പരാതി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ 12 മണിക്കൂറോളമായി കുടുങ്ങിക്കിടക്കുകയാണ്. വ്യാഴാഴ്ച യുഎഇ സമയം രാത്രി 12.20ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 348 വിമാനമാണ്, യാത്രക്കാരെ വലച്ചത്. ബോഡിങ് പാസ്സ് നല്‍കിയിട്ടും, വിമാനം പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് , സാങ്കേതിക തകരാറിന്റെ പേരില്‍ യാത്ര റദ്ദാക്കിയത്. യാത്രക്കാരെ രാത്രിയില്‍ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലില്‍ താമസിപ്പിച്ചു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ പുറപ്പെടും എന്ന് അറിയിച്ചിട്ടും അതും ഉണ്ടായില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. ക്രിസ്മസ്സ് അവധി കൂടിയായതിനാല്‍, വിമാന ടിക്കറ്റിനായി വന്‍ തുക നല്‍കിയ യാത്രക്കാര്‍ക്കാണ് ഈ ദുരിതം.