അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 പേര്‍ മരിച്ചു. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 20 പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. കാണാതായ പെണ്‍കുട്ടികളെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി അവരുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് നിലവില്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പ്രളയത്തെ തുടര്‍ന്ന് ടെക്‌സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ റദ്ദാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് നേരത്തെ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. അതിനുള്ള സംവിധാനം പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശിക ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ടെക്‌സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും പ്രളയമുണ്ടാകാനുള്ള സാധ്യതയും കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വരും മണിക്കൂറുകളില്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് ടെക്‌സസ് ലെഫ്. വര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെക്‌സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി.