ഫ്ലാഗ് ചാലഞ്ച്; വയനാടിനായി കെെക്കോർത്ത് തോട്ടുമുക്കം ജി.യു.പി സ്കൂളിലെ കുഞ്ഞുകുരുന്നുകൾ

Jaihind Webdesk
Saturday, August 10, 2024

 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കുന്നതിനായി ദേശീയപതാകകള്‍ വില്‍ക്കാനൊരുങ്ങുകയാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ജി.യു.പി സ്‌കൂളിലെ കുഞ്ഞുകുരുന്നുകള്‍. പതാകകള്‍ കൊണ്ട് വീടുകളും, കടകളും കയറി ഇറങ്ങിയും, ഓട്ടോ തൊഴിലാളികള്‍ക്ക് നല്‍കിയും വില്‍പ്പന നടത്തി തുക സമാഹരിക്കുകയാണ് കുട്ടികള്‍. ഓഗസ്റ്റ് 15ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് കുരുന്നുകള്‍ പദ്ധതിയിടുന്നത്.

കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബുവിന്‍റെ വീട്ടില്‍ എത്തി കുട്ടികള്‍ ഫ്ലാഗ് നല്‍കുകയും അത് സ്വീകരിച്ചു ഫ്ലാഗ് ചലഞ്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായ ഈ പ്രവര്‍ത്തനം മികച്ചതും മാതൃകാപരമായതുമാണെന്നും കൊടിയത്തൂര്‍ പഞ്ചായത്തിനുതന്നെ ഇത് അഭിമാനം പകരുന്നതാണെന്നും ദിവ്യാ ഷിബു പറഞ്ഞു. പഞ്ചായത്തിന്‍റെ ഭാഗത്തു നിന്നും ഏന്തു തരത്തില്‍ ഉള്ള സഹായവും ഇതിനുവേണ്ടി നല്‍കുമെന്നും അവര്‍ പറഞ്ഞു.

പ്രധാനാധ്യാപിക ഷെറീന ബി, പി.ടി.എ പ്രസിഡന്‍റ് അബ്ദുള്‍ജബാര്‍, എസ്.എം .സി ചെയര്‍മാന്‍ സോജന്‍, എം.പി.ടി.എ പ്രസിഡന്‍റ് ലിസ്ന, തിരെഞ്ഞെടുത്ത വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, മറ്റു പി.ടി.എ പ്രതിനിധികളുമാണ് പദ്ധതിക്ക് നേതൃത്വം നല്‍കിയത്. മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും പദ്ധതിക്ക് ലഭിക്കുന്നത് എന്ന് ഇവര്‍ അറിയിച്ചു. വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി തോട്ടുമുക്കം സ്‌കൂളിലെ കുട്ടികള്‍ മുമ്പും സഹായമെത്തിച്ചിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പിലെ കുഞ്ഞു കുട്ടികള്‍ക്കായി സ്‌കൂളില്‍ നിന്നും ശേഖരിച്ച കളിപ്പാട്ടങ്ങളുമായാണ് അന്ന് തോട്ടുമുക്കം സ്‌കൂളിലെ ടീച്ചര്‍മാരും പ്രതിനിധികളും ചുരം കയറിയത്.