അഞ്ചരവയസ്സുകാരന്‍ മരിച്ച സംഭവം; ആരോഗ്യസ്ഥിതി പരിഗണിക്കാതെ അനസ്തേഷ്യ നൽകി, ആശുപത്രിക്കെതിരെ അന്വേഷണം വേണമെന്ന് കുട്ടിയുടെ അച്ഛന്‍

Jaihind Webdesk
Friday, February 2, 2024


പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ അഞ്ചരവയസ്സുകാരന്‍ ആരോൺ വി വർഗ്ഗീസിന്‍റെ മരണത്തിൽ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ. ആരോഗ്യസ്ഥിതി പരിഗണിക്കാതെ അനസ്തേഷ്യ നൽകിയെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. അതേസമയം കുട്ടി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഇല്ലെന്നാണ് റാന്നി മാർത്തോമാ ആശുപത്രി അധികൃതരുടെ വിശദീകരണം.

റാന്നി പ്ലാങ്കമൺ ഗവൺമെന്‍റ് എൽ പി സ്കൂൾ വിദ്യാർത്ഥിയായ ആരോൺ വി വർഗീസിനെ ഇന്നലെയാണ് മർത്തോമ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചത്. സ്കൂളിൽ വെച്ച് കൈക്ക് പരിക്കേറ്റതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അഞ്ചര വയസ്സുകാരനായ ആരോണിന് അനസ്തേഷ്യ നൽകി. പിന്നീട് അബോധാവസ്ഥയിൽ ആയ കുട്ടിയെ
വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റാന്നി മാർത്തോമ ആശുപത്രിയിൽ വച്ചു അനസ്തേഷ്യ നൽകിയത് ചികിത്സാ പിഴവ് ഉണ്ടാകാമെന്നാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം റാന്നി മാർത്തോമ ആശുപത്രിയിൽ വെച്ച് ചികിത്സാ പിഴവ ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് ആശുപത്രി സെക്രട്ടറി ഫാദർ ഫിലിപ്പ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിലാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുക. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടിയിലേക്ക് കടക്കുമെന്ന് ആരോണിന്‍റെ ബന്ധുക്കൾ അറിയിച്ചു.