DONALD TRUMP| ‘അഞ്ച് മാസത്തിനിടെ അഞ്ച് അന്താരാഷ്ട്ര യുദ്ധങ്ങള്‍ അവസാനിപ്പിച്ചു’: അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

Jaihind News Bureau
Wednesday, August 6, 2025

കഴിഞ്ഞ അഞ്ച് മാസത്തിനിടെ അഞ്ച് അന്താരാഷ്ട്ര യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും ഉള്‍പ്പെടുന്നുവെന്നും ട്രംപ് ആവര്‍ത്തിച്ചു.

‘കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഞാന്‍ അഞ്ച് യുദ്ധങ്ങള്‍ നിര്‍ത്തി. ആറാമത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് ട്രംപ് പറഞ്ഞു. താന്‍ ഇടപെട്ട് നിര്‍ത്തിയ സംഘര്‍ഷങ്ങളുടെ മുഴുവന്‍ പട്ടികയും പറയാന്‍ കഴിയുമെന്നും അത് എല്ലാവര്‍ക്കുമറിയാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശങ്ങള്‍.

ഇന്ത്യ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതില്‍ താന്‍ പ്രധാന പങ്ക് വഹിച്ചതായി ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. ഇത് യുഎസ് മധ്യസ്ഥതയിലുള്ള ചര്‍ച്ചകളിലൂടെയാണ് നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒരു വിദേശ നേതാവും ഇന്ത്യയുടെ സൈനിക നടപടികള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മൂന്നാം കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്നും ഇന്ത്യ പലതവണ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച, ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ റേഡിയോ അവതാരകനായ ഷാര്‍ലമാഗ്‌നെ താ ഗോഡിനെ വിമര്‍ശിച്ചിരുന്നു. കോംഗോ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷം അവസാനിപ്പിച്ചത് ഉള്‍പ്പെടെയുള്ള തന്റെ നേട്ടങ്ങളെക്കുറിച്ച് ഷാര്‍ലമാഗ്‌നെയ്ക്ക് ‘ഒന്നും അറിയില്ല’ എന്ന് പറഞ്ഞിരുന്നു.