പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് മരണം

Wednesday, January 1, 2025

 

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നടന്ന അപകടങ്ങളില്‍ അഞ്ചു പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പാലക്കാട് സ്വദേശി  ആയ ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി ആയ നരേന്ദ്രനാഥ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വൈപ്പിന്‍ പാലത്തിന് സമീപം പുലര്‍ച്ചെയായിരുന്നു അപകടം. പാലാരിവട്ടം പൊലീസ് കേസെടുത്തു.

കോട്ടയം ജില്ലയില്‍ കാണമല അട്ടിവളവില്‍ ശബരിമല തീര്‍ഥാടകരുമായി പോയ ആന്ധ്രാപ്രദേശ് സ്വദേശികളായ 22 പേരുള്ള ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായി. 51 വയസ്സായ ഡ്രൈവർ രാജു അപകടത്തില്‍ മരിച്ചു, 8 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാജുവിന്‍റെ മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇടുക്കി കുട്ടിക്കാനത്ത് നടന്ന  അപകടത്തില്‍, കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ആയ ഫൈസല്‍ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പുതുവത്സരാഘോഷത്തിനായി എത്തിയ   കുറെ യുവാക്കളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്‍റെ ഗിയറില്‍  തട്ടി ഉരുണ്ടുനീങ്ങി കൊക്കയിലേക്ക്  കാർ മറിയുകയായിരുന്നു.  അപകടം എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വന്നിട്ടില്ല. 350 അടിയോളം താഴ്ചയുള്ള ഭാഗത്തു നിന്ന് ഫൈസലിന്‍റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെുടക്കാനുള്ള ശ്രമത്തിലാണ്.

തുടര്‍ന്ന്, തിരുവനന്തപുരത്ത് ആറാംകല്ലില്‍ നടന്ന മറ്റൊരു അപകടത്തില്‍ 21 വയസ്സായ ഷാലു അജയ് കൊല്ലപ്പെട്ടു. കഴിഞ്ഞ രാത്രി 11:30 യ്ക്ക് ആയിരുന്നു അപകടം. ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ദാരുണ അന്ത്യം.  അപകടത്തില്‍ പരിക്കേറ്റ ഷാലു ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. ഷാലുവിന്‍റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്.