ആവേശത്തോടെ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം

Jaihind Webdesk
Saturday, October 19, 2019

തിരുവനന്തപുരം: അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കലാശക്കൊട്ട്. നാളെ നിശബ്ദ പ്രചരണം. 21 ന് വോട്ടെടുപ്പ് നടക്കും. 24 നായിരിക്കും ഫലം പുറത്ത് വരിക.മഞ്ചേശ്വരം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചിടത്തും കലാശക്കൊട്ട് ആവേശകരമായിരുന്നു. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും എന്‍ഡിഎയുടേയും പ്രവര്‍ത്തകരും നേതാക്കളും സ്ഥാനാര്‍ത്ഥികളും കലാശക്കൊട്ട് ആവേശമാക്കി.ആവേശകരമായ കൊട്ടിക്കലാശത്തിനാണ് മഞ്ചേശ്വരം മണ്ഡലം സാക്ഷ്യം വഹിച്ചത്.ബന്തിയോട് നിന്നാരംഭിച്ച യുഡിഎഫ് പ്രകടനം ഉപ്പളയില്‍ സമാപിച്ചു.
കലാശക്കാട്ടിലെ ജനസാഗരം കണുബോള്‍ തന്നെ വിജയം ഉറപ്പിച്ചിരിക്കുകയാണെന്ന് യു.ഡി എഫ് സ്ഥാനാര്‍ത്ഥി എം.സി. ഖമറുദീന്‍ കുമ്പളയില്‍ നടന്ന കൊട്ടി കലാശത്തിനൊടുവില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

അരൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആവേശ്വോജ്വലമായ സമാപനം. മൂന്ന് മുന്നണികളും ശക്തി തെളിയിച്ച കൊട്ടിക്കലാശത്തിൽ യുഡിഎഫിനായിരുന്നു മുൻതൂക്കം. ഉപതിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന യുഡിഎഫിന്റെ ആത്മവിശ്വാസം കൊട്ടിക്കലാശത്തിലും പ്രകടമായിരുന്നു.

വാശിയേറിയ പോരാട്ടം നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കൊട്ടിക്കലാശത്തിലും ആവേശം പ്രകടമായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ പ്രമുഖ നേതാക്കളും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ എം.പി, വി.എസ്. ശിവുകമാര്‍ എം.എല്‍.എ, സിനിമാതാരം ജഗദീഷ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

ആവേശോജ്വലമായ കൊട്ടിക്കലാശത്തിന് ആണ് എറണാകുളം മണ്ഡലം ഇന്ന് സാക്ഷിയായത്. മൂന്നു മുന്നണികളും ആവേശഭരിതമായ രീതിയില്‍ തന്നെയായിരുന്നു കൊട്ടിക്കലാശം നടത്തിയത് എന്നാല്‍ യുഡിഎഫ് ക്യാമ്പിന്റെ അത്രയും ആവേശം ബാക്കിയുള്ള മുന്നണികളുടെ കൊട്ടിക്കലാശം വേളയില്‍ കാണാന്‍ സാധിച്ചില്ല.