കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറച്ചു; തൃശൂരില്‍ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം

Jaihind Webdesk
Tuesday, December 26, 2023


തൃശൂര്‍ എരവിമംഗലത്ത് വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട് ആക്രമിച്ച് കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം. എരവിമംഗലം ചിറയത്ത് ഷാജുവിന്റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. വീട്ടിലുണ്ടായിരുന്ന കോഴികളുടെ കണ്ണു കുത്തിപ്പൊട്ടിച്ചു. ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറച്ചു. വീടിന്റെ സണ്‍ഷെയ്ഡിലൂടെ മുകളില്‍ കടന്ന സംഘം സോളാര്‍ പാനലുകള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് ശുചിമുറിയിലെ ടൈലുകള്‍ ഇളക്കി മാറ്റുകയും ചെടിച്ചട്ടികള്‍ അടിച്ചു തകര്‍ത്തു. വീടിന്റെ വാതില്‍ കുത്തിത്തുറക്കാനും സംഘം ശ്രമിച്ചു. ഗ്യാസ് സിലിണ്ടര്‍ വീടിന് മുന്നില്‍ ഇട്ട നിലയിലാണ്. വീടിന് മുന്നില്‍ വെച്ചിരുന്ന പുല്‍ക്കൂടും തകര്‍ത്തു. വീടിന്റെ സ്വിച്ച് ബോര്‍ഡും പറിച്ചെടുത്ത നിലയിലാണ്. ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അയല്‍വീട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് രാവിലെ വന്നപ്പോഴാണ് അക്രമം കണ്ടതെന്നും ഷാജു പറഞ്ഞു. ഷാജുവിന് ടൈലിന്റെ ജോലിയാണ്. തനിക്ക് ആരോടും വഴക്കോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഷാജു പറഞ്ഞു. വീടിന് സമീപത്ത് വളരെക്കാലമായി ലഹരിമാഫിയ അഴിഞ്ഞാടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.