ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളി സമൂഹത്തെ പിറന്ന മണ്ണിൽ നിന്ന് ആട്ടിയോടിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടത്തുകയാണ്. കേന്ദ്രസർക്കാർ കടൽ ഖനനവും കടലിൽ കോർപ്പറേറ്റ് വത്കരണവും കൊണ്ടുവന്ന് മത്സ്യ മേഖലയുടെ മരണമണി മുഴക്കുകയാണ്. സംസ്ഥാന സർക്കാർ തീരദേശ പാതയും, കരിമണൽ ഖനനവും, സീപ്ലെയിൻ പദ്ധതികളുമായി, പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവസ്ഥ നിഷേധിക്കുകയാണ്.
കടൽക്ഷോഭം മൂലം കേരളത്തിലെ തീരദേശം നാശത്തിൻ്റെ വക്കിലാണ്. ഹാർബറുകളിലും പൊഴികളിലും മണ്ണ് അടിഞ്ഞുകൂടി വള്ളങ്ങൾക്ക് പോലും മത്സ്യബന്ധനത്തിന് കഴിയുന്നില്ല. തുറമുഖങ്ങളിലും ഫിഷിംഗ് ഹാർബറുകളിലും ശാസ്ത്രീയമായ ഡ്രഡ്‌ജിംഗ് നടക്കുന്നില്ല. കഴിഞ്ഞ 9 വർഷമായി കേരളം ഭരിക്കുന്ന പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന LDF സർക്കാർ തീരദേശത്തേക്ക് 6000 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും ഒരു രൂപ പോലും ഇതിനായി ചെലവഴിച്ചില്ല. പകരം വാഗ്ദാനങ്ങൾ മാത്രം നൽകി മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു
UDF സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി നടപ്പിലാക്കിയ സബ്‌സിഡി മണ്ണെണ്ണ പദ്ധതി അട്ടിമറിച്ചും, മത്സ്യത്തൊഴിലാളി ഭവനപദ്ധതി ലൈഫിൽ ലയിപ്പിച്ചും ഇല്ലാതാക്കി. മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ ഫീസും, പുതുക്കൽ നിരക്കുകളും വർദ്ധിപ്പിച്ചു. മത്സ്യഫെഡിനെ പാർട്ടി വത്കരിച്ചു പിൻവാതിൽ നിയമനങ്ങൾ നടത്തി നോക്കുകുത്തിയാക്കി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ ആനുകൂല്യങ്ങൾ ശരിയായ രീതിയിൽ വിതരണം ചെയ്യുന്നില്ല. സമ്പാദ്യ സമാശ്വാസ പദ്ധതി അട്ടിമറിക്കപ്പെട്ടു. മത്സ്യ സമ്പത്ത് ശരിയായ വിധം സംരക്ഷിക്കുന്നില്ല. ഉൾനാടൻ ജലാശയങ്ങൾ പോള മൂടിയും എക്കൽ അടിഞ്ഞും മത്സ്യബന്ധനത്തിന് കഴിയുന്നില്ല. സമയബന്ധിതമായി ഇവ നീക്കം ചെയ്തു ഉൾനാടൻ ജലാശയങ്ങൾ മത്സ്യബന്ധനത്തിന് അനുയോജ്യമാക്കേണ്ടതാണ്. BJP LDF സർക്കാരുകളുടെ മത്സ്യത്തൊഴിലാളി മേഖലയോടു കാണിക്കുന്ന കൊടും വഞ്ചനക്കും ചതിക്കുമെതിരെ ഫെബ്രുവരി 15ന് വൈകിട്ട് 4 മണിക്ക് ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് “സമര പ്രഖ്യാപന സമ്മേളനം” നടത്തുകയാണ്. AICC ജനറൽ സെക്രട്ടറി ശ്രീ K. C. വേണുഗോപാൽ M.P. സമ്മേളനം ഉദ്ഘാടനം ചെയ്യും, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷനേതാവുമായ ശ്രീ രമേശ് ചെന്നിത്തല MLA ഉൾപ്പെടെയുള്ള ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. KPCC പ്രസിഡൻറ് ശ്രീ K. സുധാകരൻ M.P. പ്രഖ്യാപിച്ച തീരദേശ മത്സ്യമേഖല പദയാത്ര മത്സ്യത്തൊഴിലാളി കോൺഗ്രസ് ഏറ്റെടുക്കും. കോൺഗ്രസ് പദയാത്രയിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് പൂർണ്ണമായും പങ്കാളികളാവും.