വിഴിഞ്ഞത്ത് വന്‍ പ്രതിഷേധമുയർത്തി മത്സ്യത്തൊഴിലാളികള്‍; സമരം മൂന്നാം ദിനം, സംഘർഷം

Jaihind Webdesk
Thursday, August 18, 2022

തിരുവനന്തപുരം: തുറമുഖനിർമ്മാണവുമായി ബന്ധപ്പെട്ട തീരശോഷണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞത്ത് വൻ പ്രതിഷേധമുയർത്തി മത്സ്യത്തൊഴിലാളികൾ. തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ അതിശക്തമായ പ്രതിഷേധത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നത്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. 31 വരെ സമരം തുടരാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

തീരശോഷണത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുക, വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പുനർപഠനം നടത്തുക, തുറമുഖ നിർമ്മാണം മൂലം തൊഴിൽ നഷ്ടപ്പെട്ടവരെ സംരക്ഷിക്കുക, മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് മത്സ്യതൊഴിലാളികളുടെ സമരം. പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം ശക്തമായി തുടരാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

കരിങ്കുളം, പുല്ലുവിള എന്നീ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി അതിശക്തമായ പ്രതിഷേധമാണ് വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിൽ കാണാനാകുന്നത്. തിങ്കളാഴ്ച കരമാർഗവും കടൽമാർഗവും തുറമുഖ നിർമ്മാണം തടസപ്പെടുത്താനാണ് സമരക്കാരുടെ നീക്കം.