മത്സ്യബന്ധന യാനങ്ങൾക്ക് കേന്ദ്ര ലൈസൻസ് നിർബന്ധമാക്കുന്ന തീരുമാനത്തിനെതിരെ മത്സ്യത്തൊഴിലാളികൾ രംഗത്ത്

Jaihind News Bureau
Friday, December 6, 2019

മത്സ്യബന്ധന യാനങ്ങൾക്ക് കേന്ദ്ര ലൈസൻസ് നിർബന്ധമാക്കുന്ന തീരുമാനത്തിനെതിരെ മത്സ്യത്തൊഴിലാളികൾ രംഗത്ത്. നിലവിൽ സംസ്ഥാന സർക്കാരിന്‍റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ബോട്ടുകൾക്കും വള്ളങ്ങൾക്കും പുതിയ നിയമം തിരിച്ചടിയാകും.

കടലിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും ഉൾപ്പടെയാണ് കേന്ദ്രസർക്കാർ ലൈസൻസിങ് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായാണ് അടുത്തുതന്നെ ദേശീയ മറൈൻ ഫിഷറീസ് നിയന്ത്രണ ബില്ല് പാർലമെൻറിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. സംവിധാനം നിലവിൽ വരുന്നതോടെ ലൈസൻസ് ഇല്ലാതെ കടലിൽ പോകുന്ന യാനങ്ങൾ പിടിച്ചെടുക്കുവാനും പിഴ ഈടാക്കുവാനും നിയമമാകും. കൂടാതെ ഇവക്ക് പ്രത്യേക സെസും ഏർപ്പെടുത്താനും തീരുമാനമുണ്ട്. എന്നാൽ ഇതിനെതിരെ മത്സ്യത്തൊഴിലാളികൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ബിൽ സ്വകാര്യ കുത്തക കമ്പനികളെ സഹായിക്കുന്നതിനായാണെന്നു മത്സ്യത്തൊഴിലാളി കോണ്ഗ്രസ്സ് ആരോപിച്ചു.

ഇന്ത്യൻ സമുദ്രാതിർത്തിയിലെ ഏത് മത്സ്യബന്ധന ബോട്ടുകളും പരിശോധന നടത്തുവാനും നിയമലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുവാനുമുള്ള അധികാരം ഇനി മുതൽ കോസ്റ്റ്ഗാർഡിനാകും നൽകുക. ഇതുവരെ ലോക്കൽ പൊലീസിനായിരുന്നു ചുമതല.

teevandi enkile ennodu para