സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍; വിഴിഞ്ഞത്ത് കടല്‍ മാർഗവും കര മാർഗവും ഉപരോധിക്കാന്‍ നീക്കം

Jaihind Webdesk
Wednesday, August 17, 2022

തിരുവനന്തപുരം: തീരദേശവാസികളുടെ പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട്‌ തീരദേശത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം രണ്ടാം ദിനം. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തുന്നത്. 31-ാം തീയതി വരെ സമരം തുടരാനാണ് മത്സ്യ തൊഴിലാളികളുടെ തീരുമാനം. തിങ്കളാഴ്ച കരമാർഗവും കടൽ മാർഗവും തുറമുഖ നിർമ്മാണം തടസപ്പെടുത്താനാണ് തീരുമാനം.

തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചാണ് സമരം. പൂവാർ, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നത്. അടുത്ത തിങ്കളാഴ്ച കരമാർഗവും കടൽമാർഗവും തുറമുഖ നിർമ്മാണം തടസപ്പെടുത്താനാണ് തീരുമാനം. തീര ശോഷണത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുക. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പുനർ പഠനം നടത്തുക, തുറമുഖ നിർമ്മാണം മൂലം തൊഴിൽ നഷ്ടപ്പെട്ടവരെ സംരക്ഷിക്കുക, മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് മത്സ്യതൊഴിലാളികളുടെ സമരം.

തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഇന്നലെ കരിദിനം ആചരിച്ചു. രാവിലെ കുർബാനയ്ക്ക് ശേഷം തീരപ്രദേശത്തെ എല്ലാ പള്ളികളിലും കരിങ്കൊടി ഉയ‍ർത്തി. വികസനം എന്ന ഓമനപ്പേരിൽ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നും ഇതിനെതിരെയാണ് സമരമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

അതേസമയം വര്‍ഷങ്ങളായി ഭവരനരഹിതരായി കഴിയുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. എന്നാൽ വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണം എന്നാ മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിന് സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം ശക്തമാക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.