തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Jaihind Webdesk
Friday, July 19, 2024

 

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയര്‍ ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ശക്തമായ തിരയടിയില്‍ വെള്ളം മറിയുകയായിരുന്നു.

കരയില്‍ ഉണ്ടായിരുന്നവരും സമീപത്തെ വള്ളങ്ങളില്‍ ഉണ്ടായിരുന്നവരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോണ്‍സണ്‍, അനീഷ്, വിനോദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജോണ്‍സന്‍, അനീഷ് എന്നിവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ ജോണ്‍സന്‍റെ പരുക്ക് ഗുരുതരമാണ്. മരിച്ച സേവ്യറിന്‍റെ മകന്‍ അനീഷിന്‍റെ ഉടമസ്ഥതയിലുള്ള ആവേ മരിയ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.