പെരിയാറിലെ മത്സ്യക്കുരുതി: ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി

Jaihind Webdesk
Saturday, May 25, 2024

 

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍  ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എഞ്ചിനീയ‍ര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ. ഷിജുവനെ  പകരം നിയമിച്ചു. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് പിസിബിയുടെ വിശദീകരണം. രൂക്ഷമായ വിമർശനമാണ് പ്രദേശവാസികൾ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.

അതേസമയം പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞതാണെന്നും രാസമാലിന്യമല്ലെന്നുമാണ്  മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ വിലയിരുത്തല്‍. സംഭവത്തിൽ സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കളക്ടര്‍ക്ക് സമര്‍പ്പിക്കും. കുഫോസിലെ വിദഗ്‌ധ സമിതിയുടെ അന്വേഷണം അവസാന ഘട്ടത്തിലാണ്.  രാസമാലിന്യം എന്താണെന്ന് അറിയാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. നഷ്ട പരിഹാരത്തിന് നിയമ വഴി തേടിയ മത്സ്യകര്‍ഷകര്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.

മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകൾ തുറന്നത്. എന്നാൽ അന്ന് രാവിലെ എട്ടിന് തന്നെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ തുടങ്ങിയിരുന്നു. നാട്ടുകാർ ഇത് മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഫാക്ടറികളിൽനിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വ്യവസായ വകുപ്പിനു വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.