ഉമ്മൻചാണ്ടി ഇല്ലാത്ത ആദ്യത്തെ ഞായറാഴ്ച; വിതുമ്പി പുതുപ്പള്ളി; കല്ലറയില്‍ സന്ദര്‍ശനത്തിരക്ക്

Jaihind Webdesk
Sunday, July 23, 2023

കോട്ടയം: ഇന്ന് പുതുപ്പള്ളിക്കാരുടെ സ്വന്തം ഉമ്മൻചാണ്ടി ഇല്ലാത്ത ആദ്യത്തെ ഞായറാഴ്ച. ഒരിക്കൽ പോലും  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിലെ കുർബാന മുടക്കിയിട്ടില്ല. അനാരോഗ്യം മൂർച്ഛിച്ചപ്പോൾ മാത്രമാണ് ചെറിയ കാലയളവിലേക്ക് പുതുപ്പള്ളി പള്ളിയിലെ കുർബാനയ്ക്ക് അദ്ദേഹം പങ്കെടുക്കാതായത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കബറടത്തിൽ ഇന്നും നിരവധിപേർ സന്ദർശിക്കാൻ എത്തി.

ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവിന് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് അദ്ദേഹത്തിൻറെ ഇടവക പള്ളിയായ സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി. എത്ര തിരക്കുകൾ ഉണ്ടെങ്കിലും ഇവിടെയെത്തി ഞായറാഴ്ചകളിലെ കുർബാനയ്ക്ക് പങ്കെടുക്കുന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അനാരോഗ്യം അലട്ടിയപ്പോൾ അദ്ദേഹം ഞായറാഴ്ചയിലെ കുർബാനകൾ മുടക്കിയിട്ടില്ല. രോഗത്തിൻറെ തീവ്രത കാരണം ബംഗളൂരുവിലേക്ക് ചികിത്സാർത്ഥം മാറി നിന്നപ്പോൾ മാത്രമാണ് പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ച കുർബാനയ്ക്ക് മുടക്കം വന്നത്.

പള്ളിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങൾക്കും മുൻപന്തിയിൽ നിന്ന് നേതൃത്വം കൊടുക്കാൻ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞുകുഞ്ഞ് എന്നും ഉണ്ടായിരുന്നു. ഞായറാഴ്ച നടക്കുന്ന കുർബാനയ്ക്ക് നിർബന്ധമായി പങ്കെടുക്കണമെന്നത് അദ്ദേഹത്തിനെ സംബന്ധിച്ച് ഏറ്റു പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു. അദ്ദേഹമില്ലാത്ത ആദ്യത്തെ ഞായറാഴ്ച കുർബാനയാണ് ഇന്ന് പുതുപ്പള്ളിയിൽ നടന്നത്. പ്രിയപ്പെട്ട നേതാവ് ശരീരം കൊണ്ട് വിടവാങ്ങിയിട്ടും അദ്ദേഹത്തിൻറെ ഓർമ്മകൾ ഇന്നും ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെയെത്തുന്ന സന്ദർശകർ. ഇന്നും അതിരാവിലെ മുതൽ നിരവധി പേരാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ച് പ്രാർത്ഥിച്ചു മടങ്ങിയത്. കുർബാനയ്ക്കുശേഷം അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ ഇന്ന് കബറടത്തിൽ പ്രാർത്ഥന നടത്തി.