മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ഒന്നാം റാങ്ക്; പ്രതീക്ഷിച്ചതുതന്നെയെന്ന് സെനറ്റംഗം

Jaihind Webdesk
Sunday, November 21, 2021

കണ്ണൂർ : കണ്ണൂർ സർവകലാശാല കഴിഞ്ഞ ദിവസം നടത്തിയ മലയാളം അസോസിയേറ്റ് പ്രൊഫസർ ഇന്‍റർവ്യൂവിൽ ഒന്നാം റാങ്ക് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിന് നൽകുമെന്നത് ഇന്‍റർവ്യൂ ബോർഡിനെ കുറിച്ചു മനസിലാക്കിയപ്പോൾ തന്നെ പ്രതീക്ഷിച്ചിരുന്നു എന്ന് സെനറ്റഗം ഡോ. ആർകെ ബിജു. അടിസ്ഥാനയോഗ്യത ഇല്ലാത്ത ഒരാളെ ഇന്‍റർവ്യൂവിൽ പങ്കെടുപ്പിക്കുവാൻ സാധിപ്പിക്കുമെങ്കിൽ റാങ്ക് ലിസ്റ്റ് ‘ശീർഷാസനത്തിൽ’ മറിക്കുന്നതിന് വിദഗ്ധരായവരെ ഇന്‍റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തുക വഴി നിഷ്പ്രയാസം സാധിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരാധ്യാപകനെ ഫാക്കൾട്ടി ഡെവലപ്പ്മെന്‍റ് പ്രോഗ്രാമിന് അയക്കുന്നത് ആ കാലഘട്ടത്തിൽ മുഴുവൻ സമയവും ഗവേഷണം നടത്തുവാൻ വേണ്ടിയാണ്. പിന്നെ എങ്ങനെയാണു യുജിസി റെഗുലേഷൻ പ്രകാരം ഗവേഷണസമയത്ത് അസിസ്റ്റന്‍റ് പ്രൊഫസർ ചെയ്യുന്നതുപോലെ അധ്യാപനം നടത്തുവാൻ സാധിക്കുന്നത്. കോൺട്രാക്ട് അല്ലെങ്കിൽ താത്കാലിക തസ്തികയിൽ ജോലി ചെയ്ത കാലം കണക്കുകൂട്ടണമെങ്കിൽ 2018ലെ യുജിസി റെഗുലേഷനിലെ ഇനം നമ്പർ 10 പ്രകാരം സേവനം അനുഷ്ഠിച്ചിരിക്കണം. അത്തരത്തിൽ കണ്ണൂർ സർവകലാശാല അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ ഇന്നേവരെ നിയമിച്ചിട്ടില്ലാതാനും. ആയതിനാൽ അടിസ്ഥാനയോഗ്യത പോലും ഇല്ലാത്തയാളെ തിരുകികയറ്റുവാനാണ് സർവകലാശാല അധികൃതർ ശ്രമിക്കുന്നതെന്ന് ആർകെ ബിജു പറഞ്ഞു.

കഴിഞ്ഞ നാക്ക് അസ്സസ്മെന്‍റ് റിപ്പോർട്ടിൽ സർവകലാശാല ഗവേഷണ മേഖലയിൽ പിന്നിലാണ് എന്നതാണ് ഏറ്റവും വലിയ പോരായ്മയായി ചൂണ്ടികാണിച്ചിരിക്കുന്നത്. വേണ്ടപ്പെട്ടവരെ തിരുകികയറ്റുമ്പോൾ മാറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും സെനറ്റഗം ഡോ. ആർകെ ബിജു അഭിപ്രായപെട്ടു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംപിയുമായ കെകെ രാഗേഷിന്‍റെ ഭാര്യ പ്രിയയെ അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത് ചട്ടവിരുദ്ധമായാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തൃശൂർ കേരളവർമ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറായ പ്രിയയ്ക്ക് എട്ടുവർഷത്തെ അധ്യാപന പരിചയമില്ലെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കന്മാരുടെ ഭാര്യമാർക്ക് വിവിധ സർവകലാശാലകളിൽ അസിസ്റ്റന്‍റ് പ്രൊഫസർമാരായാണ് നിയമനം നൽകിയതെങ്കിൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ ഒരുപടി മുകളിൽ അസോസിയേറ്റ് പ്രൊഫസറായി നേരിട്ടാണ് നിയമനം നൽകുന്നത് 1,31400 – 2,17100 രൂപ ശമ്പളസ്കെയിലിൽ ഒന്നര ലക്ഷം രൂപയാണ് തുടക്കത്തിൽ അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളം.