പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് രാജ്യത്ത് ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടര്‍മാര്‍ വിധിയെഴുതിയത്. ആദ്യ ഘട്ടത്തില്‍ ആകെ 65 ശതമാനത്തിൽ താഴെ പോളിംഗ് നടന്നതായാണ് പ്രാഥമിക കണക്ക്. 2014നെ അപേക്ഷിച്ച് പലയിടങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞതായാണ് ആദ്യകണക്കുകൾ സൂചിപ്പിക്കുന്നത്.
ഛത്തീസ്ഗഢ്- 56%, ആൻഡമാൻ നിക്കോബാർ- 70.67, തെലുങ്കാന – 60%, ജമ്മു-കാശ്മീർ – 54.49%, ഉത്തരാഖണ്ഡ്- 57.85%, ആന്ധ്ര – 66%, സിക്കിം- 69%, മിസോറാം – 66%, നാഗാലാൻഡ് -78%, മണിപ്പൂർ -78.2%, ത്രിപുര- 81.8%, അസം – 68%, പശ്ചിമബംഗാൾ -81% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
ഹിന്ദി മേഖലയിലെ യു.പി, ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളായി 17 സീറ്റിലും മഹാരാഷ്ട്രയിലെ 7, പശ്ചിമബംഗാളിലെ 2, ഒഡീഷയിലെ 4, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 25ൽ 14 മണ്ഡലങ്ങളിലും ജനങ്ങൾ വിധിയെഴുതി. ഉത്തർപ്രദേശിലും ബീഹാറിലും 50 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും 55 നും 60നും ഇടയിലാണ് പോളിംഗ് ശതമാനം. തെലങ്കാനയിൽ 60.57 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
നിതിൻ ഗഡ്കരി, വി.കെ സിങ്, ഹരീഷ് റാവത്ത്, കിരൺ റിജ്ജു, അസദുദ്ദീൻ ഒവൈസി, അജിത് സിംഗ്, രേണുകാ ചൗധരി തുടങ്ങിയ പ്രമുഖർ ഇന്ന് ജനവധി തേടി.
ഏപ്രിൽ 18-നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.