വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് എത്തി; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട്

Jaihind Webdesk
Thursday, July 11, 2024

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് സാൻഫെർണാണ്ടോ എത്തി. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു. ചെണ്ടമേളം ഉൾപ്പെടെ ഒരുക്കിയായിരുന്നു വിഴിഞ്ഞം തുറമുഖത്ത് അടുത്ത ആദ്യ കപ്പലിന് വരവേല്‍പ്പൊരുക്കിയത്. പുലർച്ചെ വിഴിഞ്ഞത്തിന്‍റെ പുറം കടലിലെത്തിയ സാൻ ഫർണാണ്ടോ രാവിലെ ഔട്ടർ ഏരിയയിലേക്ക് കടന്നു. കപ്പലിനെ സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്. തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥർ ടഗിലുണ്ടായിരുന്നു. രാവിലെ 7.15 ഓടെയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്.

നാളെയാണ് ഔദ്യോഗികമായി കപ്പലിനെ വരവേറ്റ് ട്രയൽ റൺ ആരംഭിക്കുന്നത്. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. 1930 കണ്ടെയ്നറുകളാണ് കപ്പലിൽ നിന്നും
വിഴിഞ്ഞത്ത് ഇറക്കുക. ഇന്നുതന്നെ കണ്ടൈയ്നറുകൾ ഇറക്കിത്തുടങ്ങും. നാളെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് കപ്പൽ മടങ്ങും. ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന എസ്ടിഎസ്, യാര്‍ഡ് ക്രെയിനുകളാണ് ചരക്കിറക്കല്‍ ദൗത്യം നടത്തുന്നത്. വലിയ കപ്പലില്‍ നിന്നു ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍ (ട്രാന്‍ഷിപ്‌മെന്‍റ്) നടത്തുന്നതിനായി രണ്ട് കപ്പലുകളും വൈകാതെ വിഴിഞ്ഞത്തെത്തും. പ്രധാനമായും ട്രാൻസ്ഷിപ്പ്മെന്‍റ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമായിട്ടാണ് വിഴിഞ്ഞം മാറുക.